ഡൽഹിയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിച്ചു

ന്യൂഡൽഹി: ഡൽഹി ജയ്ത്പുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണു ഏഴ് പേർ മരിച്ചു. മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് മരിച്ചത്. തെക്കുകിഴക്കൻ ഡൽഹിയിലെ ജയ്ത്പൂർ പ്രദേശത്തുള്ള ഹരി നഗറിലാണ് സംഭവം. ഷാബിബുൽ (30), റാബിബുൽ (30), അലി (45), റുബിന (25), ഡോളി (25), റുക്‌സാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്. ഒരു പഴയ ക്ഷേത്രത്തോട് ചേർന്നുള്ള മതിൽ പെട്ടെന്ന് തകർന്നതിനെ തുടർന്ന് ജുഗ്ഗികളിൽ താമസിക്കുന്ന എട്ട് പേർ മണ്ണിനടിയിൽ കുടുങ്ങി. പരിക്കേറ്റവരെ സഫ്ദർജംഗ് ആശുപത്രിയിലും എയിംസിലും പ്രവേശിപ്പിച്ചു. എന്നാൽ ചികിത്സക്കിടെ ഏഴ് പേർ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്.ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജഗ്ഗികളെ ഒഴിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഡൽഹിയിലെ സിവിൽ ലൈനിൽ നിർമാണത്തിലിരുന്ന ഒരു കെട്ടിടം തകർന്നുവീണ് ഒരു സ്ത്രീയും മകനും മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പത്ത് ദിവസത്തിന് ശേഷമാണ് ഈ സംഭവം. വെള്ളിയാഴ്ച രാത്രി മുതൽ ഡൽഹിയിൽ തുടർച്ചയായി കനത്ത മഴ പെയ്തതിനെ തുടർന്നാണ് മതിൽ ഇടിഞ്ഞുവീണത്.
