Kerala

നെഞ്ചിന് ചവിട്ടേറ്റ് വാരിയെല്ല് തകര്‍ന്നു, തലയ്ക്കും പരിക്ക്’; കാളിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാനയാക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചത് നെഞ്ചിനേറ്റ ഗുരുതര പരുക്ക് മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. എല്ലാ വാരിയെല്ലുകളും തകർന്ന നിലയിലാണ്. മരിച്ച കാളിയുടെ കുടുംബത്തിനുള്ള സഹായം വനം വകുപ്പ് ഇന്ന് കൈമാറും. ഉൾക്കാട്ടിൽ   വിറക് ശേഖരിക്കാൻ പോയ സ്വർണഗദ ഊരിലെ കാളിയും മരുമകൻ വിഷ്ണുവും ഇന്നലെയാണ് രണ്ട് കാട്ടാനകൾക്ക് മുന്നിൽ പെട്ടത്. വിഷ്ണു ഓടി. കാലിന് അസുഖമുള്ളതിനാൽ കാളിയ്ക്ക് രക്ഷപ്പെടാനായില്ല. കാളിയുടെ നെഞ്ചിനാണ് ചവിട്ടേറ്റത്. ആക്രമണത്തിൽ എല്ലാ വാരിയെല്ലുകളും തകർന്നു. ആന്തരിക രക്തസ്രാവം ഉണ്ടായി. ഇതാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് . ആന തുമ്പിക്കൈ കൊണ്ട് വലിച്ചെറിഞ്ഞതിനാൽ തലയ്ക്കും ക്ഷതമുണ്ട്. മൊബൈൽ ഫോൺ റേഞ്ചില്ലാത്തിനാൽ ഒപ്പമുണ്ടായിരുന്ന വിഷ്ണു കാട്ടിൽ നിന്ന് പുറത്തെത്തി നാട്ടുകാരെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. അവർ നടന്ന് ഉൾക്കാട്ടിൽ  എത്തിയപ്പോഴേക്കും പിന്നെയും മണിക്കൂറുകൾ വൈകിയിരുന്നു. കാളിയുടെ മൃതദ്ദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. 63 കാരനായ കാളി നേരത്തെ വനംവകുപ്പിൻ്റെ താത്കാലിക വാച്ചർ ആയി പ്രവർത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button