ശിവം ദുബെയ്ക്ക് പകരം ഹര്‍ഷിത് റാണ! അതെങ്ങനെ പറ്റും? പൂനെ ടി20യിലെ കണ്‍ക്കഷന്‍ സബിനെ ചൊല്ലി വിവാദം

പൂനെ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യയുടെ കണ്‍ക്കഷന്‍ സബ്സ്റ്റിറ്റിയട്ടിനെ ചൊല്ലി വിവാദം. ബാറ്റ് ചെയ്യുന്നതിനിടെ ഇന്ത്യന്‍ താരം ശിവം ദുബെയുടെ ഹെല്‍മെറ്റില്‍ ബോള്‍ കൊണ്ടതിനെ തുടര്‍ന്നാണ് ഇന്ത്യ കണ്‍ക്കഷന്‍ സബായിട്ട് പേസര്‍ ഹര്‍ഷിത് റാണയെ ഉപയോഗിച്ചത്. 11-ാം ഓവറിന് ശേഷം പന്തെറിയാനെത്തിയ റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ 15 റണ്‍സ് വിജയത്തില്‍ റാണ സുപ്രധാന പങ്കുവഹിച്ചെന്നും പറയാം. ഇംഗ്ലണ്ടിന് വിജയസാധ്യത ഉണ്ടായിരിക്കെയാണ് റാണ പന്തെറിയാനെത്തുന്നത്. ആ സമയത്ത് ക്രീസിലുണ്ടായിരുന്ന അപകടകാരികളായ ലിയാം ലിവിംഗ്സ്റ്റണ് (9), ജേക്കബ് ബേഥല്‍ (6) എന്നിവരെ റാണ പുറത്താക്കുകയും ചെയ്തു. പിന്നീട് ജാമി ഓവര്‍ടണെ ബൗള്‍ഡാക്കാനും റാണയ്ക്ക് സാധിച്ചു. അതിന് മുമ്പ് തന്നെ വിവാദങ്ങള്‍ക്ക് തുടക്കമായിരുന്നു. ഓള്‍റൗണ്ടറായ ദുബെയ്ക്ക് പകരം റാണ പന്തെറിയാനെത്തിയതാണ് പലരേയും ചൊടിപ്പിച്ചത്. മറ്റൊരു ഓള്‍റൗണ്ടറായ രമണ്‍ദീപ് സിംഗ് സ്ക്വാഡില്‍ ഉള്ളപ്പോഴാണ് പേസറായ റാണ വരുന്നത്. അദ്ദേഹം ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു. എന്നാല്‍ ദുബെയ്ക്ക് പകരം ഇറക്കേണ്ട ആളല്ലായിരുന്നു റാണ എന്നാണ് ഒരു പക്ഷം പറയുന്നത്. കാരണം റാണ സ്പെഷ്യലിസ്റ്റ് ബൗളറാണെന്നുള്ള അഭിപ്രായം ഉയരുന്നുണ്ട്.
പൂൂനെ, മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 53 റണ്‍സ് വീതം നേടിയ ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ എന്നിവരാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 19.4 ഓവറില്‍ 166 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
