വായ്നാറ്റം അകറ്റാന്‍ പരീക്ഷിക്കേണ്ട ആറ് വഴികള്‍

വായ്‌നാറ്റമാണോ നിങ്ങളെ അലട്ടുന്ന പ്രശ്നം? പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം. വെള്ളം കുടിക്കാത്തതുകൊണ്ട്, ഭക്ഷണത്തിനു ശേഷം നല്ലതുപോലെ വായ വൃത്തിയാക്കിയില്ലെങ്കില്‍, പുകവലി, മദ്യപാനം, വായിലോ മറ്റേതെങ്കിലും ശരീരഭാഗത്തോ ബാധിക്കുന്ന വിവിധ രോഗങ്ങൾ തുടങ്ങിയവയൊക്കെ കൊണ്ട് വായ്നാറ്റം ഉണ്ടാകാം. വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. വെള്ളം ധാരാളം കുടിക്കുക വായിൽ ഉമിനീർ ഉത്പാദനം കുറയുന്നത് മൂലം വായ്നാറ്റം ഉണ്ടാകാം. വായിലെ ഉമിനീർ കുറയുന്നത് വായിലെ സൂക്ഷ്മാണുക്കൾക്കെതിരായ ശരീരത്തിന്‍റെ പ്രതിരോധത്തെ ദുർബലപ്പെടുത്തുന്നു, ഇത് പല്ലുകളും മോണകളും കേടുപാടുകൾക്ക് ഇരയാകുന്നു. കൂടുതൽ നേരം ഭക്ഷണം കഴിക്കാതിരിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക, കിടക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാതിരിക്കുക എന്നിവയാണ് വായ വരളാനുള്ള കാരണങ്ങൾ. അതിനാൽ, വായ്നാറ്റത്തിനുള്ള ഏറ്റവും മികച്ച ഹോം ചികിത്സകളിലൊന്ന് വെള്ളം ധാരാളം കുടിക്കുക എന്നതാണ്.
2. രണ്ട് നേരം പല്ല് തേക്കുക, നാവും ബ്രഷ് ചെയ്യുക ദിവസവും രണ്ട് നേരം പല്ല് തേക്കുക. ഭക്ഷണത്തിനു ശേഷം ശരിയായ സമയത്ത് വായ വൃത്തിയാക്കിയില്ലെങ്കിലും വായ്നാറ്റം ഉണ്ടാകാം. നാവും ബ്രഷ് ചെയ്യുക. കാരണം ബാക്ടീരിയകൾ നാവിന്‍റെ പരുക്കൻ പ്രതലത്തിൽ അടിഞ്ഞുകൂടുകയും വായ്നാറ്റത്തിന് കാരണമാവുകയും ചെയ്യും.
3. മൗത്ത് വാഷ് ഉപയോഗിക്കുക ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.
4. ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കുക വെളുത്തുള്ളി, ഉള്ളി, എരിവുള്ള വിഭവങ്ങൾ, അസിഡിക് സ്വഭാവമുള്ള ഭക്ഷണങ്ങള്‍ തുടങ്ങിയവ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ഇവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക.
5. പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക പുകവലിയും മദ്യപാനവും ഉപേക്ഷിക്കുക. കാരണം ഇവയൊക്കെ വായ്നാറ്റം ഉണ്ടാക്കാം.
6. ഗ്രാമ്പൂ, ഏലയ്ക്ക ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നത് വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം. അതുപോലെ ഭക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നതും വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.
