Kerala

രാജ്യറാണിയില്‍ സ്ലീപ്പറിന് തിക്കുംതിരക്ക്; കോച്ചുകള്‍ വെട്ടിക്കുറച്ചത് കാരണം യാത്രക്കാർക്ക് ദുരിതവും

നിലമ്പൂർ – കൊച്ചുവേളി രാജ്യറാണി എക്സ്പ്രസിലെ രണ്ട് സ്ലീപ്പർ കോച്ചുകള്‍ വെട്ടിക്കുറച്ച റെയില്‍വേയുടെ നടപടി ദീർഘദൂര യാത്രക്കാർക്ക് ദുരിതമാവും.

14 കോച്ചുകള്‍ മാത്രമുള്ള രാജ്യറാണിയില്‍ ആറ് സ്ലീപ്പർ കോച്ചുകളും ഒന്നുവീതം എ.സി ടൂ ടയർ, ത്രീ ടയർ കോച്ചുകളുമാണ് ഉണ്ടാവുക. ജനറല്‍ കോച്ചുകളുടെ എണ്ണം രണ്ടില്‍ നിന്ന് നാലാക്കി ഉയർത്തിയത് ആശ്വാസകരമാണെങ്കിലും പകരം സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ചതാണ് തിരിച്ചടി. രണ്ട് റിസർവേഷൻ സെക്കന്റ് ക്ലാസ് കോച്ചുകളും രാജ്യറാണിയിലുണ്ട്.

സ്ളീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചതിലൂടെ 150ഓളം യാത്രക്കാരുടെ അവസരമാണ് ഇല്ലാതായത്. നേരത്തെ 600 സ്ലീപ്പർ ക്ലാസുകള്‍ ഉണ്ടായിരുന്നപ്പോള്‍ ഇത് 450 ആയി കുറഞ്ഞിട്ടുണ്ട്. എസി ടു ടയറില്‍ 20ഉം ത്രീ ടയറില്‍ 23 സീറ്റുകളുമുണ്ട്. ഈ മാസം 19 മുതലാണ് പുതിയ മാറ്റം നടപ്പില്‍ വരുത്തുക.

നിലവിലെ സാഹചര്യത്തില്‍ തന്നെ സ്ലീപ്പർ‌ ക്ലാസില്‍ ടിക്കറ്റ് ലഭിക്കാൻ ഏറെ പ്രയാസമാണെന്നിരിക്കെ റെയില്‍വേയുടെ പുതിയ ക്രമീകരണം യാത്രാദുരിതം വർദ്ധിപ്പിക്കും. തിരുവനന്തപുരം ആർ.സി.സിയിലേക്ക് ചികിത്സ തേടി പോവുന്നവരുടെ പ്രധാന ആശ്രയമാണ് രാജ്യറാണി. രാത്രി 9.30ന് നിലമ്പൂരില്‍ നിന്ന് പുറപ്പെട്ട് പിറ്റേദിവസം പുലർച്ചെ 5.30ന് കൊച്ചുവേളിയില്‍ എത്തുന്ന ട്രെയിൻ വിവിധ ആവശ്യങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തുന്നവർക്ക് വലിയ സഹായമാണ്. 245 രൂപയാണ് സ്ലീപ്പർ ക്ലാസില്‍ നിലമ്പൂരില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. കൊച്ചുവേളിയില്‍ നിന്ന് രാജ്യറാണി യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി ബസും സർവീസ് നടത്തുന്നുണ്ട്.

കണ്‍ഫേം ടിക്കറ്റില്ല..

ഏറ്റവും ചുരുങ്ങിയത് ഒരാഴ്ച മുമ്പ് എങ്കിലും ബുക്ക് ചെയ്താലേ നിലവിലെ സാഹചര്യത്തില്‍ സ്ലീപ്പർ ക്ലാസില്‍ ടിക്കറ്റ് ലഭിക്കൂ. ഞായർ, വെള്ളി ദിവസങ്ങളില്‍ ടിക്കറ്റ് ലഭിക്കാൻ പ്രയാസമാണ്. സീസണ്‍ സമയങ്ങളില്‍ ഒരുമാസം മുമ്ബേ ബുക്ക് ചെയ്യേണ്ട അവസ്ഥയാണ്. ജനുവരി 31 വരെ സ്ലീപ്പർ ടിക്കറ്റില്ല. രണ്ട് ദിവസങ്ങളില്‍ നാമമാത്രമായ ആർ.എ.സി ടിക്കറ്റുണ്ട്. മിക്ക ദിവസങ്ങളിലും വെയ്റ്റിംഗ് ലിസ്റ്റ് 50ന് മുകളിലാണ്. ഫെബ്രുവരി ആദ്യ ആഴ്ചയില്‍ വെള്ളി, ശനി, ഞായർ ദിവസങ്ങളില്‍ ടിക്കറ്റില്ല. തേർഡ്, സെക്കൻഡ് ടയർ എ.സി ടിക്കറ്റുകളുമില്ല. തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന മിക്ക ട്രെയിനുകളിലും 18 കോച്ചുകള്‍ ഉണ്ടെന്നിരിക്കെ രാജ്യറാണിയിലും ഇത് നടപ്പിലാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലമ്പൂർ, അങ്ങാടിപ്പുറം, വാണിയമ്പലം ഉള്‍പ്പെടെ പ്രധാന സ്റ്റേഷനുകളില്‍ 18 കോച്ചുകള്‍ക്കുള്ള സൗകര്യമുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button