Kerala
ഓടിക്കൊണ്ടിരിക്കെ ബൈക്കിന്റെ പിന്നിൽ നിന്ന് പുക; ഉടൻ ഇറങ്ങി, പിന്നാലെ ബൈക്ക് പൂർണമായും കത്തിനശിച്ചു
കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. വാഹനം പൂർണമായി കത്തിനശിച്ചു. തിങ്കളാഴ്ച രാത്രി 10.45ഓടെയായിരുന്നു സംഭവം. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന യുവാവും യുവതിയും തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. എറണാകുളം മരട് കുണ്ടന്നൂർ മേൽപ്പാലത്തിൽ വെച്ചായിരുന്നു സംഭവം. ചേർത്തല സ്വദേശി അനന്ദുവിന്റെ ബൈക്കാണ് കത്തിനശിച്ചത്. ഓടിക്കൊണ്ടിരിക്കെ ബൈക്കിന് പിന്നിൽ നിന്ന് പുക ഉയരുന്നത് കണ്ട് ബൈക്ക് നിർത്തി ഉടനെ ഇറങ്ങുകയായിരുന്നു എന്ന് യാത്രക്കാർ പറഞ്ഞു. മിനിറ്റുകൾക്കകം തീ പടർന്ന് വാഹനം പൂർണമായി കത്തിനശിച്ചു. കടവന്ത്രയിൽ നിന്നെത്തിയ അഗ്നിശമനസേന തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി.