കല്ലിനടിയിലും പടവുകൾക്കിടയിലും..വീട്ടുവളപ്പാകെ പാമ്പുകൾ, 8 മണിക്കൂറെടുത്ത് രാജി പിടികൂടിയതത് 75അണലിക്കുട്ടികളെ

തിരുവനന്തപുരം: എട്ടുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഒരു വീട്ടിൽ നിന്നും പിടികൂടിയത് 75 അണലിക്കുഞ്ഞുങ്ങളെ. പാലോട് നന്ദിയോട് രാഹുൽ ഭവനിൽ ബിന്ദുവിന്റെ വീട്ടിൽ നിന്നാണ് പാമ്പുപിടിത്തക്കാരി നന്ദിയോട് രാജി അണലിക്കുഞ്ഞുങ്ങളെ പിടികൂടിയത്. ഞായറാഴ്ച രാത്രി നായ ബഹളം വയ്ക്കുന്നത് ശ്രദ്ധിച്ച വീട്ടുകാർ പരിശോധിച്ചപ്പോഴാണ് സമീപത്ത് വലിയ അണലിയെ കണ്ടത്. പാമ്പ് പിടുത്തക്കാരെ വിവരം അറിയിക്കുന്നതിനിടെ ഇതിനെ കാണാതായി. ഇന്നലെ രാവിലെ വീടിന്റെ പരിസരത്ത് വീണ്ടും അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതോടെയാണ് വീട്ടുകാർ നന്ദിയോട് രാജിയെ വിവരം അറിയിച്ചത്. രാജി നടത്തിയ തിരച്ചിലിലാണ് പുരയിടത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 75 അണലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. രാവിലെ 10 മണി മുതൽ ആരംഭിച്ച തിരച്ചിൽ വൈകിട്ട് 6 മണിവരെ നീണ്ടു. പുല്ല് വെട്ടിമാറ്റി ഉള്ളിലേക്ക് കടന്നാണ് കുഞ്ഞുങ്ങളെ എല്ലാം പിടികൂടിയതെന്ന് രാജി പറയുന്നു. എന്നാൽ വലിയ അണലിയെ കണ്ടെത്താനായില്ല. പിടികൂടിയ കുഞ്ഞുങ്ങളെ വനം വകുപ്പിന് കൈമാറി. കഴിഞ്ഞ പത്ത് വർഷക്കാലമായി പാമ്പ് പിടുത്തം നടത്തുന്ന രാജി ഇതിനോടകം മൂവായിരത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.
