കുടുംബം കലക്കികൾക്ക് നശിപ്പിക്കാൻ പറ്റുന്ന അടുപ്പമല്ലിത്’, ചർച്ചയായി സ്നേഹ ശ്രീകുമാറിന്റെ പോസ്റ്റ്

മറിമായം എന്ന ടെലിവിഷന് പരമ്പരയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറും. ഈ പരമ്പരയിൽ ഒരുമിച്ചഭിനയിക്കുന്നതിനിടെയാണ് ഇവർ തമ്മിൽ ഇഷ്ടത്തിലാവുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. ഇരുവർക്കും ഒരു മകനുമുണ്ട്. ഇപ്പോൾ സ്നേഹ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ഉപ്പും മുളകും പരമ്പരയിൽ ശ്രീകുമാറിന് ഒപ്പം അഭിനയിച്ച ശിവാനിക്കും കുടുംബത്തിനും ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് സ്നേഹയുടെ കുറിപ്പ്. ”കുഞ്ഞിലേ മുതൽ കൂട്ടുമാമ എന്ന് വിളിച്ചു കൂടെ കൂടിയത് ആണ്. അന്നത്തെ സ്നേഹവും നിഷ്കളങ്കതയും ഇന്നും ആ വർത്തമാനത്തിലുണ്ട്. കുടുംബങ്ങൾ തമ്മിലുള്ള അടുപ്പം അങ്ങനെ ഒരു കുടുംബം കലക്കികൾക്കും നശിപ്പിക്കാൻ പറ്റുന്നത് അല്ല. എന്നായാലും സത്യമല്ലേ ജയിക്കു. ഈ ഫോട്ടോ ചില കമ്മന്റുകൾക്കുള്ള എന്റെ മറുപടിയാണ്”, എന്നാണ് ചിത്രങ്ങൾക്കു താഴെ സ്നേഹ ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
ഉപ്പും മുളകും സീരിയലിലെ പ്രധാന താരങ്ങളായ ശ്രീകുമാറിനും നടന് ബിജു സോപാനത്തിനുമെതിരെ അതേ പരമ്പരയിൽ അഭിനയിച്ചിരുന്ന നടി ലൈംഗികാതിക്രമത്തിന്റെ പേരിൽ കേസ് കൊടുത്തിരുന്നു. ഒരാൾ നടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നും രണ്ടാമത്തെയാൾ ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ശ്രീകുമാറിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് സ്നേഹയുടെ പോസ്റ്റ്. പോസ്റ്റിനു താഴെ നിരവധി പേർ സ്നേഹയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ”അവർ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറഞ്ഞു തീർത്തൂടേ, വെറുതെ എന്തിനാണ് 9 കൊല്ലമായി ഒരു കുടുംബം പോലെ കഴിഴുന്ന അവരെ പിരിക്കാൻ നോക്കുന്നത് അവർ എല്ലാവരും ഉണ്ടാകുമ്പോഴാണ് രസം”, എന്നാണ് സ്നേഹയുടെ പോസ്റ്റിനു താഴെ ഒരാളുടെ കമന്റ്. സ്നേഹ നൽകിയത് നല്ല മറുപടിയാണെന്ന് മറ്റൊരാൾ കുറിച്ചു. ശ്രീകുമാർ സീരിയലിലേക്ക് തിരിച്ചുവരണം എന്ന് ആവശ്യപ്പെടുന്നവരെയും കമന്റ് ബോക്സിൽ കാണാം.
