CrimeKerala

വീട് പണിക്കു നൽകിയ പണം തിരിച്ചു കിട്ടിയില്ലെന്ന് പറഞ്ഞ് അമ്മയ്ക്ക് നേരെ കത്തി വീശി; മകന് നാല് വർഷം കഠിന തടവ്

തൃശൂര്‍: കുടുംബ വഴക്കിനെ തുടര്‍ന്ന് അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസില്‍ മകന് നാല് വര്‍ഷം കഠിന തടവും പിഴയും ശിക്ഷ. തലപ്പിള്ളി താലൂക്ക് പൈങ്കുളം വില്ലേജില്‍ കിഴക്കേചോലയില്‍ അജിത്തിനാണ് (34) കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി നാല് വര്‍ഷം തടവും 25,000  രൂപ പിഴയുമാണ് തൃശൂര്‍ പ്രിന്‍സിപ്പല്‍ അസി.സെഷന്‍സ് ജഡ്ജ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം ഒരു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും. 2019 ഏപ്രില്‍ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട് പണിക്കു വേണ്ടി കൊടുത്ത പണം വീട്ടുകാരില്‍ നിന്നും തിരിച്ചു കിട്ടിയില്ല എന്ന് പറഞ്ഞ് വെട്ടുകത്തിയുമായി പ്രതി അച്ഛനും അമ്മയും താമസിക്കുന്ന കുടുംബ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. വീടിനുള്ളിലെ ഫർണിച്ചർ അടിച്ചുതകർക്കാൻ ശ്രമിച്ചു. തടയാന്‍ വന്ന അമ്മയുടെ കഴുത്തിനു നേരെ വാള്‍ വീശി. ഇത് തടയാന്‍ ശ്രമിച്ച അമ്മയുടെ കൈപ്പത്തിക്ക് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ വടക്കാഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുതുരുത്തി പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി പി സിബീഷ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് തൊണ്ടിമുതലും 11 രേഖകളും ഹാജരാക്കുകയും എട്ട് സാക്ഷികളെ വിസ്തരിക്കുകയും ചെയ്തു.  സീനിയര്‍ സിപിഒ കെ മണികണ്ഠന്‍ പ്രോസിക്യൂഷനെ സഹായിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എം ലാജു ലാസര്‍  അഡ്വ. എ പി പ്രവീണ എന്നിവര്‍ ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button