ഇംഗ്ലീഷ് കൊടുങ്കാറ്റിൽ ദക്ഷിണാഫ്രിക തകർന്നു; ഫിൽ സാൾട്ടിന് അതിവേഗ സെഞ്ച്വറി

മാഞ്ചസ്റ്റർ: ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് 146 റൺസിന്റെ വമ്പൻ ജയം. ഓപ്പണർ ഫിൽ സാൾട്ടിന്റെ (141*) അതിവേഗ സെഞ്ച്വറി കരുത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 304 റൺസെന്ന ഭീമൻ സ്കോർ ചേസ് ചെയ്ത ദക്ഷിണാഫ്രിക്ക 158 റൺസിന് ഓൾഔട്ടായി. ഐസിസി ഫുൾ മെമ്പർ ടീമിനെതിരെ ട്വന്റി 20യിൽ 300 റൺസ് നേടുന്ന ആദ്യ രാജ്യമായി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിനായി ഓപ്പണർ ജോസ് ബട്ട്ലർ 30 പന്തിൽ 80 റൺസും നേടി.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനായി ഓപ്പണർമാരായ ഫിൽ സാൾട്ടും ജോസ് ബട്ലറും ചേർന്ന് നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. വെറും 60 പന്തിൽ എട്ടു സിക്സിന്റെയും 15 ഫോറിന്റെയും ബലത്തിലാണ് സെഞ്ച്വറി തികച്ചത്. സാൾട്ടിന്റെ ട്വന്റി 20 യിലെ നാലാം സെഞ്ച്വറിയായിരുന്നു ഇത്. എട്ടാമത്തെ ഓവറിൽ ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് നഷ്ടപ്പെടുമ്പോൾ 126 റൺസായിരുന്നു സ്കോർബോർഡിൽ പിന്നാലെ വന്ന ജേക്കബ് ബെത്തലിന്റെ കൂടെ സാൾട്ട് തന്റെ തകർപ്പൻ ബാറ്റിംഗ് തുടർന്നു. 26 റൺസുമായി 15 ഓവറിൽ ബെത്തൽ പുറത്താകുമ്പോൾ സ്കോർ 221 കടന്നിരുന്നു. പകരമിറങ്ങിയ ഹാരി ബ്രുക് നേടിയ 41 റൺസ് കൂടിയായപ്പോൾ 304 റൺസെന്ന വമ്പൻ സ്കോറിലേക്ക് ഇംഗ്ലണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ ടീമിനെ ജോഫ്ര ആർച്ചർ നേതൃത്വം നൽകിയ ഇംഗ്ലണ്ട് ബൗളിംഗ് ഡിപ്പാർട്മെന്റ് വെറും 156 റൺസിന് ഓൾഔട്ടാക്കി. പ്രോട്ടിയെസിനായി 41 റൺസ് നേടിയ ക്യാപ്റ്റൻ എയ്ഡൻ മാർക്രമാണ് ടോപ് സ്കോറർ.പരമ്പരയിലെ ആദ്യ മത്സരത്തിൽ 14 റൺസിന് ദക്ഷിണാഫ്രിക്കയാണ് ജയിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് സമനില പിടിച്ചു. പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച നോട്ടിംഗ്ഹാമിൽ വെച്ച് നടക്കും.
