തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്ജുൻ റിമാന്‍ഡിൽ. ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ. അറസ്റ്റിനെതിരായ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നു
ഹൈദരാബാദ്: തെന്നിന്ത്യൻ സൂപ്പര്‍ താരം അല്ലു അര്ജുൻ റിമാന്‍ഡിൽ. പുഷ്പ-2 ആദ്യ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത നടൻ അല്ലു അര്‍ജുനെ 14 ദിവസത്തേക്കാണ് മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. തെലങ്കാന നമ്പള്ളി മജിസ്ട്രേറ്റിന് മുമ്പാകെയാണ് പൊലീസ് അല്ലു അര്‍ജുനെ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്കുശേഷമാണ് നടനെ മജിസ്ട്രേറ്റിന് മുമ്പിലെത്തിച്ചത്. അതേസമയം, റിമാന്‍ഡിലായ അല്ലു അര്‍ജുനെ ജയിലിലേക്ക് അയക്കുന്നത് തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോള്‍.
ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ നൽകിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ തെലങ്കാന ഹൈക്കോടതിയിൽ ജാമ്യാപേക്ഷ ഉള്‍പ്പെടെ ചേര്‍ത്ത് പുതിയ ഹര്‍ജി നൽകുകയായിരുന്നു.
അതേസമയം, അല്ലു അര്‍ജുന്റെ അറസ്റ്റിനെതിരെ തെലങ്കാനയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്ത് ആദ്യം കൊണ്ടുപോയ ചികട്പള്ളി പൊലീസ് സ്റ്റേഷനിൽ നൂറുകണക്കിന് ആരാധകരാണ് എത്തിയത്. വലിയ പൊലീസ് സന്നാഹമാണ് ഇവിടെ ഒരുക്കിയിരുന്നത്. സ്റ്റേഷനിലെ ചോദ്യം ചെയ്യലിനുശേഷം മുഷീറാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയായിരുന്നു. അല്ലു അര്‍ജുന്റെ അറസ്റ്റിൽ തിരക്കിട്ട നീക്കമാണ് പൊലീസ് നടത്തിയത്.നടന് മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിക്കുന്നതിന് മുന്‍പാണ് പൊലീസിന്റെ അറസ്റ്റ് നടപടിയുണ്ടായത്.
ഇതിനിടെ, അറസ്റ്റിനെ എതിര്‍ത്ത് ബിആര്‍എസ് രംഗത്തെത്തി. തിക്കിലും തിരക്കിലും സ്ത്രീ മരിച്ചത് ഖേദകരമാണെന്നും പക്ഷേ പിഴവ് അധികാരികളുടെ ഭാഗത്താണെന്നും കെടിആർ ആരോപിച്ചു. പൊലീസിന്റേത് അധികാര മേൽകോയ്മ. സ്ത്രീ മരിച്ച സംഭവത്തിൽ അല്ലു അർജുൻ നേരിട്ട് ഉത്തരവാദി ആകുന്നത് എങ്ങനെ എന്നും കെടിആര്‍ ചോദിച്ചു. ഹൈഡ്ര പദ്ധതിയെച്ചൊല്ലി ഉള്ള പ്രതിഷേധങ്ങൾക്കിടെ രണ്ട് മരണം നടന്നതിന് ഹൈദരാബാദ് പോലീസ് രേവന്ത് റെഡ്ഢിയെ അറസ്റ്റ് ചെയ്യുമോ എന്നും കെടിആർ ചോദിച്ചു.
അല്ലു അര്‍ജുന്റെ അറസ്റ്റിൽ തെലുഗു സിനിമ മേഖലയിലുള്ളവരും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. എന്നാൽ, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നായിരുന്നു മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ പ്രതികരണം. അറസ്റ്റിന് പിന്നാലെ ചിരഞ്ജീവിയുടെയും പവൻ കല്യാണിന്റെയും സഹോദരൻ നാഗേന്ദ്രബാബു കൊനിഡേലയും അല്ലു അർജുന്റെ വീട്ടിലെത്തി.ജനസേന പാർട്ടിയുടെ സെക്രട്ടറി ജനറലാണ് നാഗേന്ദ്രബാബു കൊനിഡേല.
അതേസമയം,ജാമ്യമില്ലാ വകുപ്പുകളാണ് അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118(1) വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. അതേസമയം, ഈ കേസുകളിൽ മജിസ്ട്രേറ്റിന് ജാമ്യം നൽകാൻ കഴിയും. ഇന്ന് ഉച്ചയോടെ ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തത്. പൊലീസ് എത്തിയപ്പോൾ അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചെന്നാണ് വിവരം.
കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അർജുൻ ചോദിച്ചു. പ്രാതൽ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം അല്ലു അർജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.
അല്ലു നായകനായ പുതിയ ചിത്രം പുഷ്പ 2 ന്റെ ഹൈദരാബാദില്‍ നടന്ന പ്രീമിയര്‍ പ്രദര്‍ശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. ചിത്രത്തിന്റെ റിലീസ് ദിന തലേന്ന്, നാലാം തീയതിയാണ് പല തിയറ്ററുകളിലും പെയ്ഡ് പ്രീമിയറുകള്‍ നടന്നത്. ഇതിന്റെ ഭാഗമായി ഹൈദരാബാദിലെ പഴയ തിയറ്റര്‍ കോംപ്ലക്സുകളില്‍ ഒന്നായ സന്ധ്യ തിയറ്ററില്‍ ബുധനാഴ്ച രാത്രി നടന്ന പ്രീമിയര്‍ ഷോയ്ക്ക് അല്ലു അര്‍ജുനും കുടുംബവും ഒപ്പം സിനിമാ സംഘവും എത്തിയിരുന്നു.
ഇതോടെയുണ്ടായ തിക്കിലും തിരക്കിലുമാണ് ചിത്രം കാണാനെത്തിയ ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. അല്ലുവും സംഘവും തിയറ്ററിലേക്ക് എത്തുന്ന വിവരം ഏറെ വൈകിയാണ് പൊലീസിനെ അറിയിച്ചത് എന്നതിനാല്‍ വേണ്ട സുരക്ഷാക്രമീകരണങ്ങള്‍ അവര്‍ക്ക് ഒരുക്കാനായില്ല. പോരാത്തതിന് അല്ലു അര്‍ജുനൊപ്പമുണ്ടായിരുന്ന സ്വകാര്യ സെക്യൂരിറ്റി സംഘം ആളുകളെ കൈകാര്യം ചെയ്തതായും പൊലീസ് പറഞ്ഞിരുന്നു. തുറന്ന ജീപ്പില്‍ ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് അല്ലു സ്ഥലത്തേക്ക് അന്ന് എത്തിയത്.
അല്ലു അര്‍ജുനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ, മനപൂര്‍വ്വം ദ്രോഹിക്കാന്‍ ശ്രമിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഒപ്പം സന്ധ്യ തിയറ്റര്‍ മാനേജ്മെന്റ്, അല്ലുവിന്റെ പ്രൈവറ്റ് സെക്യൂരിറ്റി ചുമതല ഉള്ള ആള്, ആ സമയത്ത് അല്ലുവിന് ഒപ്പമുണ്ടായിരുന്ന സിനിമാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
ഭര്‍ത്താവ് മൊഗഡാന്‍പള്ളി ഭാസ്കറിനും മകന് ശ്രീ തേജിനും ഒപ്പം ഇളയമകള്‍ സാന്‍വിക്കും ഒപ്പമാണ് രേവതി അന്ന് രാത്രി പ്രീമിയര്‍ നടന്ന തിയറ്ററില്‍ എത്തിയത്. എന്നാല്‍ മകള്‍ സാന്‍വി കരഞ്ഞതിനാല്‍ കുട്ടിയെ തിയറ്ററിന് അടുത്തുള്ള ബന്ധുവീട്ടില്‍ ആക്കുവാന് ഭാസ്കര്‍ പോയി. ഈ സമയത്താണ് പ്രീമിയര്‍ കാണാനായി അല്ലു അര്ജുന് തിയറ്ററിലേക്ക് എത്തിയത്. തടിച്ചുകൂടിയിരുന്ന ആരാധകരുടെ ആവേശം ഇതോടെ അതിരുവിടുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു. ശ്രീ തേജിനെ തിരക്കില്‍ നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് രേവതി നിലത്ത് വീണത്. ശ്രീ തേജിന് ഗുരുതരമായ പരിക്കാണ് പറ്റിയത്. അതേസമയം സംഭവത്തില്‍ അനുശോചിച്ചും രേവതിയുടെ കുടുംബത്തിന് 25 ലക്ഷം ധനസഹായം പ്രഖ്യാപിച്ചും അല്ലു അര്ജുന് രംഗത്തെത്തിയിരുന്നു.