7ാം വയസിൽ തുടക്കം, 12ാം വയസിൽ ഗ്രാൻഡ് മാസ്റ്റര്‍, ലോക ചാമ്പ്യനോട് മുട്ടിയത് 17ാം വയസിൽ, ഇതാ ഒരേയൊരു ഗുകേഷ്
ഡി ഗുകേഷ്, അഥവ ഗുകേഷ് ദൊമ്മരാജു. ഈ പേര് ഇനി മുതൽ അതുല്യമായ ചരിത്രത്തിന്റെ ഭാഗമാണ്. വെറും പതിനെട്ടാമത്തെ വയസിൽ ഗുകേഷ് സ്വന്തമാക്കിയ നേട്ടം സ്വപ്നതുല്യമാണ് എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല എന്നതാണ് അതിന് കാരണം. സിംഗപ്പൂരിൽ നടന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ക്ലാസിക്കൽ ഫോര്‍മാറ്റിലെ അവസാന മത്സരത്തിൽ വിജയകിരീടം ചൂടിയിരിക്കുകയാണ് ഗുകേഷ്. 18-ാം കിരീടം 18-ാംാം വയസിൽ തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്ത മിടുക്കൻ. അങ്ങനെ രാജ്യത്തിനാകെ അഭിമാനിക്കാവുന്ന ഒരുപിടി റെക്കോര്‍ഡുകളോടെയാണ് സിങ്കപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഗുകേഷ് മടങ്ങുക. നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിംഗ് ലിറനെയാണ് ഗുകേഷ് അട്ടിമറിച്ചത്. സമനിലയാകുമെന്ന് ഉറപ്പായ മത്സരത്തിൽ അതിശയകരമായ നോക്കൗട്ട് പഞ്ച് ഇറക്കിയാണ് ലോക ചാമ്പ്യനാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി ഗുകേഷ് മാറിയത്. അഞ്ച് തവണ വിശ്വവിജയി ആയ വിശ്വനാഥൻ ആനന്ദിന്റെ പിന്മുറക്കാരൻ ഗുകേഷിന്റെ ബാല്യകാല സ്വപ്നം കൂടിയാണ് അതിവേഗം സാക്ഷാത്കാരത്തിലേക്കെത്തിയിരിക്കുന്നത്. 11ാം വയസിൽ ഒരു അഭിമുഖത്തിലെ ചോദ്യത്തിന് മറുപടിയായി ഗുകേഷ് പറഞ്ഞത് ലോക ചാമ്പ്യനാകണം എന്നായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ എന്ന റെക്കോർഡ് ഗുകേഷിന് സ്വന്തമാണ്. അതും 18-ാം വയസിൽ. 1985-ൽ അനറ്റോലി കാർപോവിനെ മറികടന്ന് 22-ാം വയസിൽ കിരീടം നേടിയ റഷ്യയുടെ ഗാരി കാസ്പറോവിൻ്റെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്. ഗുകേഷും കുടുംബവും വേരുകള്‍ ആന്ധ്രാപ്രദേശിലാണെങ്കിലും ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദിന്റെ നാടായ ചെന്നൈയില്‍ നിന്ന് തന്നെയാണ് ഗുകേഷിന്റെയും വരവ്. ഇഎന്‍ടി സ്പെഷ്യലിസ്റ്റ് രജിനികാന്തിന്റേയും മൈക്രോബയോളജിസ്റ്റ് പത്മയുടേയും മകനാണ് ഗുകേഷ്. തെലുങ്ക് കുടുംബത്തിൽ 2006 മെയ് 29ന് ചെന്നൈയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മാതാപിതാക്കള്‍ ആന്ധ്രാ പ്രദേശുകാരാണ്. ചെന്നൈയിലെ വേലമ്മാള്‍ വിദ്യാലയത്തിൽ സ്കൂൾ പഠന കാലത്ത് കളി തുടങ്ങി. വേലമ്മാൾ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു ആദ്യമായി ഗുകേഷ് ഒരു അധ്യാപകന്റെ കീഴിൽ ചെസ് പഠിക്കുന്നത്. ഗ്രാന്‍ഡ് മാസ്റ്റര്‍ കാര്‍ത്തികേയന്‍, ഗ്രാന്‍ഡ്മാസ്റ്റര്‍ അരവിന്ദ് ചിദംബരം, ഗ്രാന്‍ഡ്മാസ്റ്റര്‍ പ്രഗ്ഗാനന്ദ എന്നിവരെ വളര്‍ത്തിയെടുത്ത വേലമ്മാൾ വിദ്യാലയത്തിൽ നിന്ന് തന്നെയാണ് ഗുകേഷിന്റെയും വളര്‍ച്ചയുടെ തുടക്കം. 2015-ലാണ് ഗുകേഷ് ചെസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് വിജയം കൊയ്യുന്നത്. ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ അണ്ടർ-9 കിരീടം അവൻ സ്വന്തമാക്കി. 2017-ൽ ഇന്റര്‍ നാഷണൽ ചെസ് മാസ്റ്റര്‍ പട്ടം സ്വന്തമാക്കുമ്പോൾ ഗാൻഡ് മാസ്റ്റര്‍ വിഷ്ണു പ്രസന്നയ്ക്ക കീഴിലായിരുന്നു പരിശീലനം. അടുത്ത വർഷം അണ്ടർ-12 ലോക യൂത്ത് ചെസ് ചാമ്പ്യൻഷിപ്പ് കിരീടം നേടി. 2019-ലാണ് വലിയൊരു റെക്കോര്‍ഡ് നേട്ടം ഗുകേഷ് സ്വന്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്റര്‍ എന്ന പട്ടം ഗുകേഷിനൊപ്പം ചേര്‍ന്നു. 12 വയസും ഏഴുമാസവും 17 ദിവസവും മാത്രമായിരുന്നു ഗുകേഷിന് പ്രായം. 2020 മുതൽ വിശ്വനാഥൻ ആനന്ദിന്റെ നേതൃത്വത്തിലുള്ള വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് അക്കാദമയിൽ പരിശീലനം. പിന്നീട് പല മത്സരങ്ങൾ. ഇടയ്ക്ക് സാക്ഷാൽ വിശ്വനാഥൻ ആനന്ദിന്റെ റാങ്ക് ഗുകേഷ് മറികടന്നു. 37 വര്‍ഷത്തിൽ ആദ്യമായിരുന്നു അത്. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റുകളിൽ തന്നേക്കാള്‍ മുന്നിലുള്ള അഞ്ചുപേരെ പിന്തള്ളി ലോകചാമ്പ്യനെ നേരിടാന്‍ യോഗ്യനാകുമ്പോൾ 17 വയസായിരുന്നു ഗുകേഷിന്റെ പ്രായം. ഗൂകേഷിന്റെ ആ പ്രയാണമാണ് ചെസ് ബോര്‍ഡിന് മുന്നിൽ ചരിത്രത്തിലേക്ക് നടന്നുകയറി അത്യുന്നതിയിൽ എത്തിനിൽക്കുന്നത്.