2024ൽ തെരുവ് നായ കടിച്ചത് 37 ലക്ഷം പേരെ, പേവിഷ ബാധയേറ്റ് മരണം 54; രാജ്യത്തെ തെരുവു നായ് ആക്രമണത്തിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ വർധിക്കുന്ന തെരുവ് നായ ആക്രമണങ്ങളുടെ കണക്ക് വെളിപ്പെടുത്തി കേന്ദ്ര മന്ത്രി എസ്.പി.സിങ് ഭാഗേൽ. കഴിഞ്ഞ വർഷം തെരുവ്നായുടെ കടിയേറ്റത് 37 ലക്ഷം പേർക്ക്. പേവിഷ ബാധയേറ്റ് മരിച്ചത് 54 പേരെന്നും റിപ്പോർട്ട്. തെരുവ് നായ്ക്കളുടെ വർധിച്ചു വരുന്ന ഭീഷണി കണക്കിലെടുത്ത് നാഷണൽ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ നടത്തിയ നാഷണൽ റാബിസ് കൺട്രോൾ പ്രോഗ്രാമാണ് വിവരങ്ങൾ ശേഖരിച്ചത്.
തെരുവ് നായ് ആക്രമണത്തിൻ്റെ ഇരകളിൽ 5 ലക്ഷത്തോളം പേർ 15 വയസ്സിൽ താഴെയുള്ള കുട്ടികളാണ്. അതായത് 20 ശതമാനം.
തെരുവ് നായ്ക്കളെ പ്രതിരോധിക്കുന്നതിനായി സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിച്ചു വരികയാണ്. കർണാടകയിൽ മാത്രം 3,61,522 കേസുകളും 42 പേവിഷ ബാധ മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്ത്യയിൽ പേവിഷ ബാധ കേസുകൾ വളരെ ഗുരുതരമാകുന്ന സ്ഥിതി വിശേഷമാണുള്ളത്. ആഗോള തലത്തിൽ പേവിഷ ബാധ മരണങ്ങളുടെ 36 ശതമാനം മരണവും ഇന്ത്യയിലാണ് നടക്കുന്നത്.
തെരുവ് നായ്ക്കളെ ഇല്ലാതാക്കാൻ കേരളത്തിലെ 152 ബ്ലോക്കുകളിലായി വന്ധ്യംകരണ യൂണിറ്റുകൾ സ്ഥാപിക്കുമെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായി തെരുവ് നായ്ക്കളുടെ ആക്രമണം കേരളത്തിൽ കൂടി വരുന്നുണ്ട്.
