
പുണെ: സഹപാഠിയെ ബലാത്സംഗം ചെയ്ത് കൊല്ലാൻ പത്താം ക്ലാസ്സുകാരൻ ക്വട്ടേഷൻ നൽകിയെന്ന് പരാതി. മറ്റൊരു വിദ്യാർത്ഥിയോടാണ് ഈ ക്രൂരകൃത്യം ചെയ്യാൻ ആവശ്യപ്പെട്ടത്. തനിക്കെതിരെ പെണ്‍കുട്ടി അധ്യാപകരോട് പരാതി പറഞ്ഞതിനുള്ള പ്രതികാരമായാണ് വിദ്യാർത്ഥി ബലാത്സംഗ കൊല ആസൂത്രണം ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പുണെയിലെ ദൗണ്ട് തഹസിലാണ് സംഭവം നടന്നത്. വിദ്യാർത്ഥി മാതാപിതാക്കളുടെ വ്യാജ ഒപ്പിട്ടെന്നാണ് പെണ്‍കുട്ടി അധ്യാപകരെ അറിയിച്ചത്. തുടർന്ന് രോഷാകുലനായ വിദ്യാർത്ഥി മറ്റൊരു വിദ്യാർത്ഥിക്ക് പണം നൽകി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാൻ ആവശ്യപ്പെട്ടു എന്നാണ് പരാതി. വിദ്യാർത്ഥി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്യുന്നത് അറിഞ്ഞ പ്രിൻസിപ്പലും രണ്ട് അധ്യാപകരും പരാതിനൽകാതെ സ്കൂളിന്റെ സൽപ്പേര് സംരക്ഷിക്കാൻ സംഭവം ഒതുക്കിതീർക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. പരാതിപ്പെടാതിരിക്കാൻ പെണ്‍കുട്ടിയിൽ അധ്യാപകർ സമ്മർദം ചെലുത്തിയെന്നും ഇത് വിദ്യാർത്ഥിയുടെ പഠന നിലവാരത്തെ ബാധിച്ചെന്നും പരാതിയുണ്ട്. തുടർന്ന് പൊലീസ് പ്രിൻസിപ്പലിനും അധ്യാപകർക്കുമെതിരെ കേസെടുത്തു. ഉത്തർപ്രദേശിലെ ഹാത്രസിൽ ഒമ്പത് വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ 13 വയസ്സുള്ള ആൺകുട്ടിയെ അറസ്റ്റ് ചെയ്തത് അടുത്ത കാലത്താണ്. കുട്ടിയുടെ മരണത്തോടെ ബോർഡിംഗ് സ്കൂൾ അടയ്ക്കുമെന്നും വീട്ടിലേക്ക് മടങ്ങാൻ കഴിയുമെന്നും കരുതിയായിരുന്നു കൊലപാതകം. സ്കൂൾ ഡയറക്ടറുടെ കാറിന്റെ പിൻസീറ്റിലാണ് 9 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സ്കൂളിന് അഭിവൃദ്ധിയുണ്ടാകുമെന്നും കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും വിശ്വസിച്ച് കുട്ടിയെ ഡയറക്ടർ ബലിയർപ്പിച്ചതാണെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. പക്ഷേ സ്കൂളിലെ മറ്റ് വിദ്യാർത്ഥികളെ ചോദ്യംചെയ്തതോടെയാണ് 13 വയസ്സുള്ള വിദ്യാർത്ഥിയാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായത്. ടവൽ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് കുട്ടി സമ്മതിച്ചു.
‘
