ഹൈ ഹീൽസിൽ സ്റ്റൈലായി യുവാവ്, ഫോളോവേഴ്സ് 800,000, പണം അമ്മയുടെ കാൻസർ ചികിത്സയ്ക്ക്
സോഷ്യൽ മീഡിയ സജീവമായതോടെ വളരെ വ്യത്യസ്തമായ രീതിയിൽ കണ്ടന്റുകൾ തയ്യാറാക്കി പണം സമ്പാദിക്കുന്ന ഒരുപാടുപേർ ഇന്നുണ്ട്. അതിൽ ഒരാളാണ് ചൈനയിൽ നിന്നുള്ള ചെങ് സോങ്കുൻ എന്ന 25 -കാരനും. ഹൈ ഹീൽസ് ധരിച്ചുള്ള വീഡിയോയാണ് ചെങ് ചെയ്യുന്നത്. ഇതിൽ നിന്നുള്ള പണം തന്റെ അമ്മയുടെ കാൻസർ ചികിത്സയ്ക്ക് വേണ്ടിയാണ് അവൻ പ്രധാനമായും മാറ്റിവച്ചിരിക്കുന്നത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നതനുസരിച്ച്, ചൈനയിലെ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമിൽ 800,000 ഫോളോവേഴ്സുണ്ട് ചെങ്ങിന്. തന്റെ ഹൈ ഹീൽസും ധരിച്ച് ഒരു മോഡലിനെ പോലെയാണ് ചെങ് ഗ്രാമത്തിലെ ആളുകളുടെ ഇടയിലേക്ക് ഇറങ്ങുന്നത്. ചെങ്ങിനെ നാട്ടിലുള്ളവർക്ക് വലിയ കാര്യമാണ്. അവന്റെ മിക്ക വീഡിയോകളിലും അവരെയും കാണാം. ‘സൂപ്പർ മോഡൽ കുൻ’ എന്ന് അർത്ഥം വരുന്ന @mingmokun എന്ന തന്റെ പേജിലാണ് ഹൈ ഹീൽസ് ധരിച്ചു കൊണ്ടുള്ള തന്റെ വിവിധ വീഡിയോകൾ ചെങ് പങ്കുവയ്ക്കുന്നത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ ചോങ്കിംഗ് മുനിസിപ്പാലിറ്റിയിലെ ക്വിംഗ്ജിയാണ് ചെങ്ങിൻറെ സ്ഥലം. വീഡിയോകളിൽ നാട്ടുകാരോട് സംസാരിക്കുന്നതും സൗഹൃദം പങ്കുവയ്ക്കുന്നതും എല്ലാം കാണാം. സിചുവാൻ പ്രവിശ്യയിലെ ചെങ്‌ഡു സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റിയിൽ നിന്നും നൃത്തത്തിൽ ബിരുദം നേടിയ ആളാണ് ചെങ്. വളരെ ചെറുപ്പത്തിൽ തന്നെ വീട്ടിലെ ഉത്തരവാദിത്തങ്ങൾ ചെങ്ങിന് ഏറ്റെടുക്കേണ്ടി വന്നിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ പെൺകുട്ടികളുടെ കൂടെ നടക്കുന്നതിനും, പെൺകുട്ടികളെ പോലെ പെരുമാറുന്നതിനും മറ്റ് കുട്ടികളുടെ ഇടയിൽ നിന്നും വലിയ പരിഹാസം ചെങ്ങിന് നേരിടേണ്ടി വന്നിരുന്നു. എന്നാൽ, ഡാൻസ് ക്ലാസുകളോടുള്ള ഇഷ്ടത്തിൽ ചെങ് ഉറച്ചുനിന്നു. പക്ഷേ, അവന്റെ നാട്ടിലെ മുതിർന്നവർ അവനെ അംഗീകരിച്ചു. തന്നെ മുൻവിധികളൊന്നും ഇല്ലാതെ അവർ അംഗീകരിക്കുന്നു എന്നും അവൻ പറയുന്നു. അതുപോലെ, ചെങ്ങിന്റെ അച്ഛനും അമ്മയ്ക്കും അവന്റെ വേഷത്തിലോ പെരുമാറ്റത്തിലോ ഒന്നും തന്നെ യാതൊരു പ്രശ്നങ്ങളും തോന്നാറില്ല. അവനെ അവർ അവനായി തന്നെ അംഗീകരിക്കുന്നു. എന്തായാലും, ഇന്ന് ഒരു സോഷ്യൽ മീഡിയാ സ്റ്റാർ കൂടിയാണ് ചെങ്.