ഓർത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാർ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: എറണാകുളം, പാലക്കാട് ജില്ലകളിലെ ആറ് പള്ളികൾ ജില്ലാ കളക്ടർമാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
സംസ്ഥാന സർക്കാരിനെതിരായ ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ കോടതിയലക്ഷ്യ ഹർജികൾ ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ഓർത്തഡോക്‌സ് – യാക്കോബായ സഭാ പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാർ പ്രായോഗിക പരിഹാരം കണ്ടെത്തണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സർക്കാരിന് ബാധ്യതയുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. പള്ളികൾ ഓർത്തഡോക്‌സ് സഭയ്ക്ക് കൈമാറണമെന്നതിൽ സുപ്രീം കോടതിയുടെ രണ്ട് വിധിന്യായങ്ങളുണ്ട്. ഇതിൽ ഭിന്നാഭിപ്രായമുണ്ടാകാം. എങ്കിലും അന്തിമ ഉത്തരവ് നടപ്പാക്കാതിരിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സെമിത്തേരിയിലെ മൃതദേഹ സംസ്കാര പ്രശ്‌നം സർക്കാർ നിയമ നിർമ്മാണത്തിലൂടെ പരിഹരിച്ചു. സുപ്രീം കോടതി വിധിയിലെ മറ്റ് നിർദ്ദേശങ്ങളും സർക്കാർ നടപ്പാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരിച്ച് ഇനി നടപ്പാക്കാനുള്ള കാര്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കണം. സംസ്ഥാന സർക്കാരും യാക്കോബായ സഭയും നൽകിയ അപ്പലീലിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്.
