“സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശൂരിൽ താമസിച്ചു, ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ 11 വോട്ടുകൾ ചേർത്തു”; ആരോപണവുമായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്

തൃശൂരിൽ വോട്ടർ പട്ടികയിൽ ബിജെപി ക്രമക്കേട് നടത്തിയെന്ന ഗുരുതര ആരോപണവുമായി തൃശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. സുരേഷ് ഗോപി എംപിയും കുടുംബവും വോട്ട് ചെയ്യാൻ മാത്രമായി തൃശൂരിൽ താമസിച്ചുവെന്നും ഭാരത് ഹെറിറ്റേജ് എന്ന വീട്ടുപേരിൽ 11 വോട്ട് ചേർത്തെന്നും ജോസഫ് ടാജറ്റ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
സുരേഷ് ഗോപി താമസിച്ചിരുന്ന വീട്ടിലിപ്പോൾ വോട്ടർപട്ടികയിലുള്ള താമസക്കാരില്ല. തിരഞ്ഞെടുപ്പ് മാത്രം മുന്നിൽ കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും ഇവിടെ വന്ന് വോട്ട് ചേർക്കുകയായിരുന്നു. രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി മത്സരിക്കുന്ന സമയത്ത് താമസിച്ചിരുന്ന വീടായിരുന്നു നെട്ടിശ്ശേരിയിലേത്. വാർഡ് നമ്പർ 30 ൽ വോട്ട് ചേർത്തത് അവസാനഘട്ടത്തിലാണ്.
45 പേരുടെ വോട്ടുകളിൽ പരാതി നൽകിയിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് തന്നെ പരാതി നൽകിയിരുന്നു. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് വോട്ട് ചെയ്യാം എന്ന നിലപാടാണ് അന്ന് കളക്ടർ സ്വീകരിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായി അന്വേഷണം വേണം. ബിജെപി തന്നെ അന്ന് അവകാശപ്പെട്ടത് 65,000 ത്തോളം വോട്ടുകൾ ചേർത്തു എന്നാണ്. 10 ഫ്ലാറ്റുകളിലായി അമ്പതോളം പരാതികൾ അന്ന് നൽകിയിരുന്നുവെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
സുരേഷ് ഗോപിയുടെയും ഭാര്യയുടെയും മക്കളുടെയും അനുജന്റെയും കുടുംബാംഗങ്ങളുടെ വോട്ടും താമസം ഇല്ലാതിരുന്നിട്ടും തൃശൂരിൽ ചേർത്തു. 116 എന്ന പോളിംഗ് സ്റ്റേഷനിൽവച്ചാണ് സുരേഷ് ഗോപിയുടെ കുടുംബവും അനുജന്റെ കുടുംബവും വോട്ട് ചെയ്തത്. ഭാരത് ഹെറിറ്റേജ് വീട് ഇപ്പോൾ ബോംബെ കേന്ദ്രീകരിച്ചുള്ള വ്യക്തിയ്ക്ക് കൊടുത്തു. ഇതേ വീട്ടുനമ്പർ പരിശോധിച്ചാൽ സുരേഷ് ഗോപിക്കോ കുടുംബാംഗങ്ങൾക്കോ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ഇല്ല. ഇത് തന്നെയാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയതെന്നും ജോസഫ് ടാജറ്റ് കൂട്ടിച്ചേർത്തു.
