സുരേഷ്ഗോപിയുടെ വോട്ട് തൃശൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി ; തദ്ദേശ തെരഞ്ഞെടുപ്പില്‍ സുപ്പര്‍ഹീറോയുടെ വോട്ട് ശാസ്തമംഗലത്ത് ; നടനെതിരേ കോണ്‍ഗ്രസിന്റെ പരാതിയില്‍ പോലീസ് കേസും

തിരുവനന്തപുരം: തൃശൂരില്‍ ഇരട്ടവോട്ട് വിവാദത്തില്‍ പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ട് ശാസ്തമംഗലത്ത്. സുരേഷ്ഗോപിയും അനിയനും ഉള്‍പ്പെടെ 11 പേരുടെ വോട്ട് തൃശൂര്‍ ചേര്‍ത്തതിന്റെ പേരില്‍ വലിയ വിമര്‍ശനം നേരിടുന്നതിനിടയിലാണ് സുരേഷ്ഗോപിയുടെ വോട്ട് വീണ്ടും ശാസ്തമംഗലത്ത് മൂന്നാം നമ്പര്‍ ബൂത്തില്‍ തിരിച്ചെത്തിയിരിക്കുന്നത്.
സുരേഷ്ഗോപിയുടെ സഹോദരന് സുഭാഷ് ഗോപിയുടെ പേരും ഇതേ പോളിംഗ് ബൂത്തിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. നേരത്തേ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുരേഷ്ഗോപിയുടെ വോട്ട് തൃശൂര്‍ ആക്കിയത് എല്‍ഡിഎഫും യുഡിഎഫും വലിയ പ്രശ്നമാക്കി ഉയര്‍ത്തിക്കാണിച്ചുകൊണ്ടിരിക്കുകയാണ്. തൃശൂരിലെ മുന്‍ എംപി ടിഎന്‍ പ്രതാപന് സുരേഷ്ഗോപിക്കെതിരേ വ്യാജ സത്യവാങ്മൂലം നല്‍കിയെന്ന് ആരോപിച്ച് കേസും കൊടുത്തിരിക്കുകയാണ്. തൃശൂരില്‍ മത്സരിച്ചപ്പോള്‍ രണ്ട് ലോകസഭാ തിരഞ്ഞെടുപ്പിലും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി താമസിച്ചിരുന്ന നെട്ടിശ്ശേരിയിലെ വീടിന്റെ വിലാസത്തില്‍ 11 വോട്ടുകള്‍ ചേര്‍ത്തുവെന്നായിരുന്നു ആരോപണം.
തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍കണ്ടുകൊണ്ട് സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരില്‍ വോട്ട് ചേര്‍ത്തതെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇപ്പോള്‍ സുരേഷ്ഗോപി വോട്ടുചേര്‍ത്തപ്പോള്‍ നല്കിയ വിലാസമുള്ള വീട്ടില്‍ വോട്ടര്‍പട്ടികയിലുള്ള താമസക്കാരില്ലെന്നും സ്ഥിരതാമസം ഉള്ള സ്ഥലത്താണ് വോട്ട് വരേണ്ടതെന്നുമുള്ള ആരോപണമാണ് പ്രധാനമായും എതിരാളികള്‍ ഉയര്‍ത്തുന്നത്. സുരേഷ് ഗോപിയുടെ സഹോദരന് ഇരട്ടവോട്ടുണ്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തും വോട്ടുണ്ടെന്നാണ് ആരോപണം.
കുടുംബ വീടായ ലക്ഷ്മി നിവാസിന്റെ മേല്‍വിലാസത്തിലാണ് കൊല്ലത്തെ വോട്ട്. ഇരവിപുരം മണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലാണ് വോട്ടുള്ളത്. ക്രമനമ്പര്‍ 1116-ല്‍ സുഭാഷ് ഗോപിക്കും 1114 ക്രമനമ്പറില്‍ ഭാര്യ റാണി സുഭാഷിനും വോട്ടുണ്ട്. എന്നാല്‍ കൊല്ലത്ത് ഇരുവരും വോട്ട് ചെയ്തോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഇല്ല. സുരേഷ് ഗോപിയുടെ സഹോദരന് ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.
