സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ 50 ശതമാനം സ്കൂൾ വിദ്യാർഥികൾക്കും അടിസ്ഥാന കാര്യം അറിയില്ലെന്ന് സർവേ

ന്യൂഡൽഹി: സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പകുതിയിലധികം കുട്ടികൾക്കും അടിസ്ഥാനകാര്യങ്ങൾ പോലും മനസ്സിലാക്കാൻ സാധിക്കുന്നില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാജ്യവ്യാപകമായി നടത്തിയ സർവേ വ്യക്തമാക്കുന്നു. ആറാം ക്ലാസിലെ 43 ശതമാനം സ്കൂൾ കുട്ടികൾക്കും പാഠപുസ്തകങ്ങളിലെ പ്രധാന ആശയങ്ങൾ ഗ്രഹിക്കാൻ കഴിയുന്നില്ല. ഒമ്പതാം ക്ലാസിലെ 63 ശതമാനം വിദ്യാർഥികൾക്കും ഭിന്നസംഖ്യകൾ, പൂർണ സംഖ്യകൾ തുടങ്ങിയ അടിസ്ഥാന സംഖ്യാ സെറ്റുകൾ അറിയില്ലെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷനൽ അച്ചീവ്മെന്റ് സർവേ (എൻ.എസ്.എ) വ്യക്തമാക്കുന്നു.മൂന്നാം ക്ലാസ് വിദ്യാർഥികളിൽ 55 ശതമാനം പേർക്ക് മാത്രമേ 99 വരെയുള്ള സംഖ്യകൾ ക്രമത്തിൽ ക്രമീകരിക്കാൻ സാധിക്കുന്നുള്ളൂ. ആറാം ക്ലാസിൽ 53 ശതമാനം വിദ്യാർഥികൾക്ക് മാത്രമേ 10 വരെയുള്ള ഗുണനപ്പട്ടികകൾ അറിയൂ. ആറാം ക്ലാസിൽ 54 ശതമാനം പേർക്കും പൂർണസംഖ്യകൾ താരതമ്യം ചെയ്യാനോ വലിയ സംഖ്യകൾ വായിക്കാനോ കഴിയുന്നില്ലെന്നും കഴിഞ്ഞ ഡിസംബറിൽ നടത്തിയെ സർവേ ചൂണ്ടിക്കാട്ടുന്നു. ഭൂപടങ്ങൾ, ചാർട്ടുകൾ, പാഠങ്ങൾ എന്നിവയിൽനിന്ന് വിവരങ്ങൾ ശേഖരിച്ച് വ്യാഖ്യാനിക്കാനും കാലാവസ്ഥ, മണ്ണിന്റെ രൂപവത്കരണം പോലുള്ള പ്രകൃതി പ്രതിഭാസങ്ങളെ വിശദീകരിക്കാനും ഒമ്പതാം ക്ലാസിലെ വിദ്യാർഥികൾക്ക് കഴിഞ്ഞില്ല. രാജ്യത്തെ 781 ജില്ലകളിലായി 74,229 സർക്കാർ, സ്വകാര്യ സ്കൂളുകളിലെ മൂന്ന്, ആറ്, ഒമ്പത് ക്ലാസുകളിലെ 21,15,022 വിദ്യാർഥികളിലാണ് സർവേ നടത്തിയത്. ഗ്രാമ-നഗര വിഭജനവും ലിംഗപരമായ അന്തരവും നിലനിൽക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തി. മികച്ച പ്രകടനം കാഴ്ചവെച്ച കേന്ദ്രീയ വിദ്യാലയങ്ങളിലും വിദ്യാർഥികളുടെ പിന്നാക്കവാസ്ഥ സർവേ ചൂണ്ടിക്കാട്ടുന്നു. മികച്ച 10 സംസ്ഥാനങ്ങളിൽ, പഞ്ചാബ്, കേരളം, ഹിമാചൽ പ്രദേശ്, ഒഡിഷ, രാജസ്ഥാൻ എന്നിവ മൂന്ന് ഗ്രേഡുകൾ നിലനിർത്തി.
