തനിത്തങ്കം തന്നെ; ക്രിസ്‍മസ് ട്രീയുടെ വില കേട്ടാൽ ആരായാലും അമ്പരന്നു പോകും, 47 കോടി രൂപ..!
ക്രിസ്മസ് ഇങ്ങെത്തി, ക്രിസ്മസിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് ട്രീ. എന്നാൽ, വളരെ വിശേഷപ്പെട്ട ഒരു ക്രിസ്മസ് ട്രീയാണ് ഇപ്പോൾ വാർത്തയാവുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീകളിലൊന്നാണിത്. ജർമ്മനിയിലാണ് ഇത് അനാച്ഛാദനം ചെയ്തിരിക്കുന്നത്. 63 കിലോഗ്രാം ഭാരമുള്ള ഈ ക്രിസ്മസ് ട്രീക്ക് 5.5 മില്യൺ ഡോളർ (ഏകദേശം 47 കോടി രൂപ) ആണ് വില കണക്കാക്കുന്നത്. 2,024 വിയന്ന ഫില്‍ഹാര്‍മോണിക് ഗോൾഡ് കോയിനുകൾ ഉപയോഗിച്ചാണത്രെ ഈ ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്. ഈ വിശേഷപ്പെട്ട ക്രിസ്മസ് ട്രീ നിർമ്മിച്ചിരിക്കുന്നത് മ്യൂണിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളായ പ്രോ ഔറമാണ്. എത്ര തലമുറകൾ കഴിഞ്ഞാലും ഈ സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുമെന്നാണ് പ്രോ ഔറം വക്താവായ ബെഞ്ചമിന്‍ സമ്മ പറഞ്ഞത്. സ്വർണത്തിന്റെ കാലാതീതമായ പ്രാധാന്യത്തെ ഈ ക്രിസ്മസ് ട്രീ ഉയർത്തിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, 47 കോടി വില കണക്കാക്കിയിട്ടുണ്ടെങ്കിലും ഈ ക്രിസ്മസ് ട്രീ വിൽക്കാൻ വേണ്ടിയിട്ടല്ല തയ്യാറാക്കിയിരിക്കുന്നത് എന്നാണ് പ്രോ ഔറം പറയുന്നത്. പ്രോ ഔറത്തിന്റെ 35 -ാം വാർഷികത്തിന്റെ ഭാഗമായിട്ടാണത്രെ ഈ ക്രിസ്മസ് ട്രീ തയ്യാറാക്കിയിരിക്കുന്നത്. അതേസമയം, ലോകത്തില്‍ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീ ഇതല്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2010 -ല്‍ അബുദാബിയിലെ എമിറേറ്റ്‌സ് പാലസ് ഹോട്ടലില്‍ പ്രദർശിപ്പിച്ച ക്രിസ്മസ് ട്രീയാണ് ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും വിലയേറിയതെന്നാണ് കരുതുന്നത്. 11 മില്യണ്‍ ഡോളറായിരുന്നു ഇതിന്റെ വില കണക്കാക്കിയിരുന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് നേട്ടം കരസ്ഥമാക്കിയ ഈ ക്രിസ്മസ് ട്രീയ്ക്ക് 43.2 അടി ഉയരമുണ്ടായിരുന്നു. 181 ആഭരണങ്ങള്‍ കൊണ്ടായിരുന്നു ഇത് നിർമ്മിച്ചിരുന്നത്