അമ്മയുടെ 1.22 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ 720 രൂപക്ക് കൗമാരക്കാരിയായ മകൾ വിറ്റു, അതും ലിപ് സ്റ്റഡ് വാങ്ങാൻ!

ബീജിങ്: ചൈനയിലെ ഷാങ്ഹായിൽ കൗമാരക്കാരി തന്റെ അമ്മയുടെ പത്ത് ലക്ഷം യുവാനിലധികം (1.22 കോടി രൂപയ്ക്ക് തുല്യം) വിലവരുന്ന ആഭരണങ്ങൾ വെറും 60 യുവാന് (721 രൂപ) വിറ്റതായി റിപ്പോർട്ട്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. വിറ്റുകിട്ടിയ പണമുപയോഗിച്ച് കുട്ടി ലിപ് സ്റ്റഡുകളും കമ്മലുകളും വാങ്ങി. വാങ് എന്ന സ്ത്രീയുടെ മകൾ ലിയാണ് വിലപിടിപ്പുള്ള വളകൾ, മാലകൾ, രത്നക്കല്ലുകൾ എന്നിവ പ്രാദേശിക മാർക്കറ്റിൽ വിറ്റത്. അമ്മ തന്നെയാണ് വിവരം പുറത്തുവിട്ടത്. ആഭരണങ്ങൾ വ്യാജമാണെന്ന് തെറ്റിദ്ധരിച്ച് റീസൈക്ലിംഗ് ഷോപ്പിൽ തുച്ഛമായ വിലക്ക് വിൽക്കുകയായിരുന്നു. ലിപ് സ്റ്റഡും കമ്മലും വാങ്ങാൻ 60 യുവാൻ ആവശ്യമുണ്ടായിരുന്നതിനാലാണ് ആഭരണം വിറ്റതെന്ന് മകൾ അമ്മയോട് പറഞ്ഞു. അമ്മ ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. റിപ്പോർട്ട് ലഭിച്ചയുടനെ, പോലീസ് നിരീക്ഷണ ദൃശ്യങ്ങൾ പരിശോധിക്കുകയും മാർക്കറ്റ് അധികൃതരുമായി ഏകോപിപ്പിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ, അവർ മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്തി തിരികെ നൽകി. കടയുടമയെ ഫോണിൽ ബന്ധപ്പെടുകയും വിശദീകരണം തേടുകയും ചെയ്തു.
