തട്ടിക്കൂട്ട് പേരും പിള്ളേര് സെറ്റിന്റെ കോപ്രായങ്ങളും…’, ആദ്യ സിനിമ റിലീസായിട്ട് 41 വർഷം; ഓർമകൾ പങ്കിട്ട് വേണുഗോപാൽ

‘
ആദ്യ സിനിമാപ്പാട്ടിന്റെ ഓർമകൾ പങ്കുവെച്ച് ഗായകൻ ജി. വേണുഗോപാൽ. തന്റെ ആദ്യ സിനിമാഗാനത്തിന് ഇന്ന് 41 വർഷം തികയുകയാണെന്ന് സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിൽ വേണുഗോപാൽ കുറിച്ചു. ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയിലാണ് വേണുഗോപാൽ ആദ്യമായി പാടിയത്. വേണുഗോപാലിന്റെ പോസ്റ്റ് ഇന്നേക്ക്, നാൽപത്തിയൊന്ന് വർഷം പൂർത്തിയാകുന്നു, നാല് വരി ആദ്യമായ് പാടിയ സിനിമ ‘ഓടരുതമ്മാവാ ആളറിയാം’ റിലീസായിട്ട്. അക്കാലത്തെ സാഹിത്യഭംഗി തുളുമ്പുന്ന സിനിമ പേരുകളുടേയും തിരക്കഥകൾക്കുമെല്ലാമിടയിൽ ഒരു തട്ടിക്കൂട്ട് പേരും സിനിമയും, പിള്ളേര് സെറ്റിന്റെ എന്തൊക്കെയോ കോപ്രായങ്ങളും എന്ന് വിധിക്കപ്പെട്ട സിനിമ. ഏതോ ഒരു പ്രിയദർശൻ സംവിധാനം, ഒരു ശ്രീനിവാസൻ തിരക്കഥ, ശങ്കർ, മുകേഷ്, ജഗദീഷ്, നെടുമുടി, സുകുമാരി, ഇവരുടെ അഭിനയം. ആകെക്കൂടി അറിയപ്പെടുന്ന ബഹുമാനിക്കപ്പെടുന്ന ഒരാൾ, സംഗീതം നൽകുന്ന എം.ജി. രാധാകൃഷ്ണൻ. തിരു: അജന്ത തീയറ്ററിൽ റിലീസായ സിനിമ കാണാൻ കാലടിയിലെ വീട്ടിൽ നിന്നും ജഗദീഷിനെ കൂട്ടി, ഞങ്ങൾ നാല് പേർ. ഞാൻ, ഡോ: തോമസ് മാത്യു, സാം, ജഗദീഷ്. കൂട്ടത്തിൽ വാഹനമുള്ള ഒരേയൊരാൾ ഞാൻ മാത്രം. അതിൽ നാല് പേർക്കും കേറാൻ പറ്റാത്തത് കൊണ്ട് സൈക്കിൾ ഉരുട്ടി, വഴി നീളെ സംസാരിച്ച്, സ്വപ്നം കണ്ട് ഞങ്ങൾ നാലും! കഴിഞ്ഞ വർഷം, ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സിൽ മറ്റൊരു ഷൂട്ടിങ്ങിനായ് എത്തിയപ്പോൾ, ഭയത്തോടെ, ആകാംക്ഷയോടെ, വയറ്റിൽ പാറിപ്പറക്കുന്ന പുത്തുമ്പികളെ താലാട്ടി, ആ സ്റ്റുഡിയോ പടികളിൽ നാൽപത് വർഷം മുൻപ്, കാലത്തെ നേരത്തെ എത്തി കാത്തിരുന്ന ഓർമ്മകൾ പുൽകി. കലശലായ ജലദോഷവും നേരിയ പനിയുമുണ്ട്. കർശനക്കാരനായ രാധാകൃഷ്ണൻ ചേട്ടനോട് അക്കാര്യം മിണ്ടാൻ സാധിക്കില്ല. ആദ്യം സ്റ്റുഡിയോയിലെത്തിയത് റിക്കാർഡിങ് ഇതിഹാസമായ ദേവദാസ് സാറാണ്. അതാ സ്റ്റുഡിയോ വളവ് തിരിഞ്ഞ് വെളുത്ത അംബാസഡർ കാർ, 414. രാധാകൃഷ്ണൻ ചേട്ടൻ. നാൽപത് വർഷങ്ങൾക്ക് ശേഷം സ്റ്റുഡിയോയിൽ ആളും അനക്കവുമില്ല. ചുറ്റുമുള്ള ചെടികൾ ഇടതൂർന്ന് വളർന്ന് കാട് പോലെയായിരിക്കുന്നു. പൊടിയും മാറാലയും, പൊട്ടിയ ഗ്ലാസ് ചില്ലികളും ചുറ്റും. “മേരി ഘടീ ഘടീ …. സിന്ദഗീ … നഹീ നഹീ “ഒരിക്കലും രക്ഷപ്പെടാനിടയില്ലാത്ത ഒരു മലയാള സിനിമയിൽ, ഒരു കോമഡി സീനിൽ, നാല് വരി ഹിന്ദി!
