
അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് നയങ്ങളിൽ ഉലഞ്ഞ് ഗൾഫ് ഓഹരി വിപണി. 5 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സൗദി ഓഹരി വിപണി. താരിഫ് യുദ്ധത്തന് ആക്കം കൂട്ടാൻ ചൈന കൂടി രംഗത്ത് എത്തിയതോടെ വ്യാപര യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. എണ്ണ ഉൽപ്പാദനം കൂട്ടാനുള്ള ഒപെക് പ്ലസ് തീരുമാനം. പിന്നാലെ ക്രൂഡോയിൽ വിലയിൽ വന്ന കുറവ്. എല്ലാ കൂടിചേർന്ന് ഗൾഫ് ഓഹരി വിപണിയെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ വിപണിയായ സൗദി ഓഹരി വിപണിയിൽ ഒറ്റ ദിവസം അര ലക്ഷം കോടി റിയാൽ നഷ്ടമെന്നാണ് സൗദി ഗസറ്റ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മറ്റ് ഗൾഫ് വിപണികലിലും ഇതേ സ്വാധീനമുണ്ട്. എണ്ണ പ്രധാന വ്യാപാരമായ സൗദിയുടെ പ്രധാന ഓഹരികൾ 700 പോയിന്റ് വരെയാണ് ഇടിഞ്ഞത്. ആരാംകോ ഓഹരികളും ഇടിഞ്ഞു. ഇത് കൊവിഡിന് ശേഷമുള്ള ഏറ്റവും വലിയ താഴ്ച്ചയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം ഗൾഫ് കറൻസികൾക്കെതിരെ രൂപ നില മെച്ചപ്പെടുത്തി. ദിർഹം 23.29 രൂപ, സൗദി റിയാൽ 22.80 രൂപ, ഖത്തർ റിയാൽ 23.55 രൂപ, ഒമാനി റിയാൽ 222.17 രൂപ എന്ന നിലയിലാണ്. കുവൈത്ത് ദിനാറുമായുള്ള വിനിമയത്തിൽ വലിയ മാറ്റമില്ല. കുവൈത്ത് ദിനാർ 277.87 എന്ന നിലയിൽ സമീപ ദിവസങ്ങളിൽ മെച്ചപ്പെട്ടു. ദിർഹം 24 വരെയെത്തിയ ഇടത്ത് നിന്നും താഴേക്ക് വന്നത് നാട്ടിലേകക് പണമയക്കുന്ന പ്രവാസികൾക്ക് വിനിമയ നിരക്കിൽ ലഭിച്ചിരുന്ന നേട്ടം ഇല്ലാതാക്കി. കുവൈത്ത് ഓഹരി വിപണിയും വലിയ നഷ്ടമാണ് നേരിടുന്നത്. ഏകദേശം 2.44 ബില്യൺ കുവൈത്തി ദിനാറിന്‍റെ വിപണി മൂലധനം നഷ്ടപ്പെട്ടു. ഇത് 5.15 ശതമാനം ഇടിവാണ് ഉണ്ടാക്കിയത്. കഴിഞ്ഞയാഴ്ച അവസാനമുണ്ടായ ആഗോള വിപണിയിലെ തകർച്ചയുടെ പ്രതിഫലനമാണിത്. അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധവും എണ്ണവിലയിലുണ്ടായ കുത്തനെയുള്ള ഇടിവുമാണ് ഇതിന് കാരണം. കുവൈത്ത് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം ഞായറാഴ്ചത്തെ വ്യാപാരം അവസാനിച്ചപ്പോൾ 44.91 ബില്യൺ കുവൈത്തി ദിനാര്‍ ആയി കുറഞ്ഞു.
