CrimeNationalSpot light

വധു ഡോക്ടറാണ്, വിശ്വസിച്ച് നവവരൻ ഫേസ്ബുക്കിൽ ഫോട്ടോയിട്ടു, വൻ ട്വിസ്റ്റ്; 32 കാരി വിവാഹതട്ടിപ്പിന് പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ വിവാഹത്തട്ടിപ്പുകാരിയായ 32കാരി അറസ്റ്റിലായി. വിവാഹത്തിന് പിന്നാലെ നവവരൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രങ്ങളാണ് യുവതിയെ കുടുക്കിയത്. നാലാം വിവാഹം കഴിഞ്ഞതോടെയാണ് 32 കാരിയായ ലക്ഷ്മിക്ക് കുരുക്ക് വീണത്. അടുത്തിടെയാണ് മയിലാടുതുറ സിർകഴിയിൽ ഡോക്ടർ നിശാന്തിക്ക് സ്വകാര്യ ബാങ്ക് ജീവനക്കാരൻ ജി. ശിവചന്ദ്രൻ താലികെട്ടിയത്. ആർഭാടപൂർവമായിരുന്നു വിവാഹം. ഒരു ഡോക്ടറെ വിവാഹം കഴിക്കുകയെന്ന സ്വപ്നം യാഥാർത്ഥ്യമായെന്ന ക്യാപ്ഷനോടെ യുവാവ് ഫേസ്ബുക്കിൽ ചിത്രങ്ങളും പോസ്റ്റ് ചെയ്തു. പിന്നാലെയാണ് വൻ ട്വിസ്റ്റ് നടന്നത്. ചിത്രത്തിൽ കാണുന്നത് നിശാന്തി അല്ലെന്നും തന്‍റെ ഭാര്യയായ മീരയാണെന്നും പറഞ്ഞ് മറ്റൊരു യുവാവ് പോസ്റ്റിൽ കമന്‍റുമായെത്തി. ഇതോടെയാണ് കഥയാകെ മാറിയത്. പുത്തൂർ സ്വദേശി ടി.നെപ്പോളിയനാണ് തന്‍റെ ഭാര്യ മീരയാണ് നിശാന്തിയെന്ന് പറഞ്ഞ് രംഗത്ത് വന്നത്. 2017ൽ തങ്ങളുടെ വിവാഹം നടന്നെന്നും ഒരു വർഷത്തിനുശേഷം വീട്ടിലെ വിലപിടിപ്പുള്ളതെല്ലാം എടുത്ത് മീര നാടുവിട്ടതാണെന്നും യുവാവ് പറഞ്ഞു. തർക്കം മുറുകിയതിനിടെ യുവതിയുടെ ഭർത്താവെന്ന് പറഞ്ഞ് മൂന്നാമതൊരാൾ കൂടി എത്തി. കടലൂർ ചിദംബരം സ്വദേശിയായ എൻ.രാജ. ഇതോടെ ശിവചന്ദ്രൻ യുവതിയുമായി പൊലീസ് സ്റ്റേഷനിലെത്തി. അപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. യുവതിയുടെ യഥാർത്ഥ പേര് ലക്ഷ്മിയെന്നാണെന്ന് ചോദ്യം ചെയ്യലിൽ മനസിലായി. 2010ൽ പഴയൂർ സ്വദേശി സിലമ്പരശനുമായി ആയിരുന്നു ലക്ഷിമിയുടെ ആദ്യ വിവാഹം. ഇവർക്ക് രണ്ട് മക്കളുണ്ട്. വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾ കഴിഞ്ഞ് സിലമ്പരശൻ മരിച്ചു.  ഇതോടെ മക്കളെ വീട്ടിൽ ഏൽപ്പിച്ച് ലക്ഷ്മി നാടുവിട്ടു. പിന്നാലെ ഈറോഡിൽ എത്തി മറ്റൊരു പേരിൽ രണ്ടാം വിവാഹം നടത്തി. കുറച്ചു മാസങ്ങൾ കഴിഞ്ഞ് ഭർത്താവിന്‍റെ പണവും സ്വർണവും കവർന്ന് ഈറോഡിൽ നിന്ന് ലക്ഷ്മി മുങ്ങി. പിന്നെ പൊങ്ങിയത് കടലൂരിലാണ്. അതിനുശേഷം മൂന്നാമത്തെ വിവാഹം കഴിഞ്ഞപ്പോഴാണ് ഫേസ്ബുക്ക് പണി തന്നത്. ഭർത്താക്കന്മാരുടെ പരാതിയിൽ അറസ്റ്റുചെയ്ത ലക്ഷ്മിയെ മയിലാടുതുറൈ കോടതി റിമാൻഡ് ചെയ്തു. കല്യാണം കഴിഞ്ഞ ശേഷം ഭർതൃവീട്ടിലെ  വിലപിടിപ്പുള്ള സാധനങ്ങളും പണവും മോഷ്ടിച്ച് മുങ്ങുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button