റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒഴിവായത് വൻദുരന്തം

ഹരിപ്പാട്: നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂൺ ഇടിച്ച് തകർത്തു. ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു. ആനാരി വടക്കേക്കരയിലെ പായിപ്പാട് -കണ്ണഞ്ചേരി റോഡിൽ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്. തൃക്കുന്നപ്പുഴ-ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന ബസ്സാണ് റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. തുടന്ന് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞു വീണെങ്കിലും ഉടൻ വൈദ്യുത ബന്ധം തനിയെ വിച്ഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിഞ്ഞു പോയത്. രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് സമീപത്തുള്ള കോതേരി പാടത്തേക്ക് മറിയുകയോ, വൈദ്യുത തൂണിൽ ഇടിച്ച സമയത്ത് കമ്പികൾ പൊട്ടി വൈദ്യുതി പ്രവഹിക്കുകയോ ചെയ്തിരുന്നെങ്കിൽ വൻ ദുരന്തമായി മാറുമായിരുന്നു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വർഷങ്ങളായി ആയാപറമ്പ് -പാണ്ടി ഭാഗത്ത് നടത്തുന്ന അനധികൃത മണൽ ഖനനവും, മണൽ വഹിച്ചു കൊണ്ടുപോകുന്ന കൂറ്റൻ ടോറസ് ലോറികൾ നിരന്തരം ഓടിയുമാണ് പ്രദേശത്തെ റോഡുകൾ മുഴുവൻ തകർന്നു പോയതെന്ന് നാട്ടുകാർ പറയുന്നു. അനധികൃത മണൽ ഖനനം നിർത്തുവാനോ തകർന്ന റോഡുകൾ നന്നാക്കുവാനോ അധികൃതർ തയ്യാറാകാത്തതു മൂലമാണ് ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
