എക്സ്‍പ്രസ് വേയിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചുകയറി; നാല് മരണം, 19 പേർക്ക് പരിക്ക്

ആഗ്ര: നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു. 19 പേർക്ക് പരിക്കുണ്ട്. ആഗ്ര – ലക്നൗ എക്സ്പ്രസ് വേയിൽ ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വരാണസിയിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന ബസാണ് എക്സ്പ്രസ് വേയ്ക്ക് അരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിലേക്ക് ഇടിച്ചുകയറിയത്. ആഗ്രയിലെ ഫത്തേഹാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിൽ രാവിലെ 5.30ഓടെയാണ് ദാരുണമായ അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി മാറ്റിയെന്നും മരിച്ചവരിൽ ഒരാളെ ഇനിയും തിരിച്ചറിയാനുണ്ടെന്നും ഫത്തേഹാബാദ് എസിപി അമർദീപ് ലാൽ പറഞ്ഞു. പരിക്കേറ്റവരെ എത്രയും വേഗം ആംബുലൻസുകൾ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. രാജസ്ഥാൻ സ്വദേശികളായ ഗോവിന്ദ് (68), രമേശ് (45) എന്നിവരും ആഗ്ര സ്വദേശിയായ ദീപക് വർമ (40) എന്നയാളുമാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പരിക്കേറ്റവരിൽ നാല് പേരെ സമീപത്തെ ഒരു സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ സർക്കാർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
