മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍ ദുരന്തത്തില്‍ കേരളത്തിന്‍റെ ആവശ്യം അംഗീകരിച്ച് കേന്ദ്ര സർക്കാർ.
ഉരുള്‍പൊട്ടല്‍ അതിതീവ്ര ദുരന്തമായി (ലെവല്‍ മൂന്ന് കാറ്റഗറി) കേന്ദ്രം പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി രാജീവ് ഗുപ്ത സംസ്ഥാന റവന്യൂ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, പ്രത്യേക ധനസഹായമടക്കം കേരളത്തിന്റെ ആവശ്യങ്ങള്‍ സംബന്ധിച്ച് കത്തില്‍ പരാമർശമില്ല.
കേന്ദ്ര മന്ത്രിതല സമിതി ദുരന്തമേഖല സന്ദർശിച്ച് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് ഇതിനകം ദേശീയ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് അധിക ദുരിതാശ്വാസ സഹായം കൈമാറിയിട്ടുണ്ടെന്നാണ് കത്തില്‍ വ്യക്തമാക്കുന്നത്.
സംസ്ഥാന സർക്കാറിനുതന്നെ പുനരുദ്ധാരണം സാധ്യമല്ലാത്ത ദുരന്തത്തെയാണ് ലെവല്‍ മൂന്ന് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. ദുരന്തത്തില്‍ നഷ്ടമായ മനുഷ്യ ജീവനുകള്‍, കന്നുകാലികള്‍, വിളകള്‍, സ്വത്ത്, തകർന്ന പാലങ്ങള്‍, റോഡുകള്‍, കെട്ടിടങ്ങള്‍ എന്നിവയുടെ നാശനഷ്ടം കണക്കാക്കു, മ്പോള്‍ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാറും മന്ത്രിതല സമിതിയും വിലയിരുത്തിയിരുന്നത്.