വിവാഹിതയെ മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ല -ഹൈകോടതി

കൊച്ചി: വിവാഹിതയായ സ്ത്രീയെ മറ്റൊരാൾ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്ന് ഹൈകോടതി. പാലക്കാട് സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെതിരായ പീഡനക്കേസ് റദ്ദാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിരീക്ഷണം.വിവാഹബന്ധം വേർപെടുത്താതെ നിയമപരമായ മറ്റൊരു വിവാഹം സാധ്യമല്ലെന്നിരിക്കെ, ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയാണെന്ന് വേണം പ്രഥമദൃഷ്ട്യാ കരുതാനെന്നും കോടതി വിലയിരുത്തി. പരാതിക്കാരി വിവാഹിതയും രണ്ടുമക്കളുടെ അമ്മയുമാണെന്ന കാര്യം പ്രോസിക്യൂഷനും ശരിവച്ചതോടെയാണ് ഹരജിക്കാരൻ കുറ്റവിമുക്തനായത്.വിവാഹവാഗ്ദാനം നൽകി തന്നെ തൃശൂരിലും ഗുരുവായൂരിലും കൊണ്ടുപോയി പലതവണ പീഡിപ്പിച്ചശേഷം വഞ്ചിച്ചെന്നായിരുന്നു യുവതിയുടെ പരാതി. അന്യായമായി തടങ്കലിൽവെച്ചെന്നും 9.3 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപണമുണ്ടായിരുന്നു. തൃശൂർ ടൗൺ പൊലീസ് കേസെടുത്ത് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തുടർന്നാണ് ഹരജിക്കാരൻ ഹൈകോടതിയെ സമീപിച്ചത്. യുവതിക്ക് ഭർത്താവും മക്കളുമുണ്ടെന്നത് മറച്ചുവെച്ചാണ് താനുമായി അടുത്തതെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി. സത്യം വെളിപ്പെട്ടപ്പോഴാണ് വിവാഹത്തിൽനിന്ന് പിന്മാറിയത്. യുവതി ആൾമാറാട്ടം നടത്തി പലരിൽനിന്നും പണം തട്ടിയതിന് കേസുകളുണ്ടെന്നും അറിയിച്ചു.യുവതി വിവാഹമോചനം നേടാത്ത ഈ സാഹചര്യത്തിൽ മറ്റൊരു വിവാഹവാഗ്ദാനം സ്വീകരിക്കുക അസാധ്യമാണെന്ന് വ്യക്തമാക്കിയാണ് ഹരജിക്കാരനെതിരായ കേസ് കോടതി റദ്ദാക്കിയത്. മാനഭംഗവും അന്യായതടങ്കൽ കുറ്റവും നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു. പീഡനപരാതി നൽകിയത് മാസങ്ങൾക്കുശേഷമാണെന്നതും കണക്കിലെടുത്തു.
