മമ്മൂക്കയുടെ ആ വാക്കുകൾ തന്ന ഊർജം വലുത്; കാഴ്ച സംഭവിച്ചത് അങ്ങനെ: ബ്ലെസി

മമ്മൂക്കയുടെ ആ വാക്കുകൾ തന്ന ഊർജം വലുത്; കാഴ്ച സംഭവിച്ചത് അങ്ങനെ: ബ്ലെസി
സംവിധായകൻ പത്മരാജനൊപ്പം സഹ സംവിധായകനായി സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ബ്ലെസി. സഹ സംവിധായകനായി പ്രവർത്തിച്ച് 18 വർഷങ്ങൾക്ക് ശേഷം 2004ലാണ് ബ്ലെസി ആദ്യമായി സിനിമ സംവിധാനം ചെയ്യുന്നത്.
മമ്മൂട്ടി നായകനായി എത്തിയ ആദ്യ സിനിമ കാഴ്ച മലയാളത്തിലെ മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയും നിരവധി പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തിരുന്നു. ആദ്യമായി സിനിമ ചെയ്തതിനെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും സംസാരിക്കുകയാണ് സംവിധായകൻ ബ്ലെസി.
കാഴ്ചയുടെ തിരക്കഥ എഴുതുന്നതിന് വേണ്ടി താൻ പലരേയും സമീപിച്ചുവെന്നും എന്നാൽ ഒന്നും ഫലം കണ്ടില്ലെന്നും ബ്ലെസി പറയുന്നു. ഒടുവിൽ താൻ തിരുവല്ല ഗെസ്റ്റ് ഹൗസിൽ മുറിയെടുത്ത് എഴുതാനിരുന്നുവെന്നും ആദ്യത്തെ അഞ്ച് ദിവസം കൊണ്ടാണ് ആദ്യ പകുതി എഴുതിത്തീർത്തതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
‘തിരക്കഥ ഞാൻ മമ്മൂക്കയ്ക്ക് വായിക്കാൻ കൊടുത്തു. ആദ്യത്തെ രണ്ടു സീൻ വായിച്ചശേഷം ‘പിന്നീട് ഞാൻ വായിച്ചോളാം’ എന്നുപറഞ്ഞ് തിരക്കഥ വാങ്ങിവച്ചു. സിനിമയുടെ അൻപതാം ദിവസത്തെ ആഘോഷച്ചടങ്ങിൽ വെച്ച് കാഴ്ചയുടെ തിരക്കഥ പ്രകാശനം ചെയ്തത് മമ്മൂക്കയാണ്. അന്ന് അദ്ദേഹം പറഞ്ഞത്. ‘ആദ്യ രണ്ട് സീൻ വായിച്ചപ്പോൾത്തന്നെ ഈ സിനിമ എങ്ങനെ ആയിരിക്കുമെന്ന് എനിക്ക് മനസിലായി. പിന്നെ എനിക്ക് തിരക്കഥ വായിക്കേണ്ടി വന്നിട്ടില്ല.’ എന്നാണ്,’ ബ്ലെസി പറയുന്നു.
ആ വാക്കുകൾ തനിക്ക് നൽകിയ ഊർജം വളരെ വലുതാണെന്നും അങ്ങനെ ആകസ്മികമായിട്ടാണ് എഴുത്തിന്റെ വഴിയിലേക്ക് തിരിഞ്ഞതെന്നും അങ്ങനെയാണ് കാഴ്ച സംഭവിക്കുന്നതെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
പതിനെട്ട് വർഷക്കാലം അസിസ്റ്റന്റ് ആയിട്ടാണ് താൻ ജോലി ചെയ്തിരുന്നതെന്നും അതുകൊണ്ട് തന്നോട് സിനിമ ചെയ്യാൻ പറഞ്ഞപ്പോൾ തനിക്ക് ഭയമായെന്നും ബ്ലെസി പറഞ്ഞു. എപ്പോഴും ഓർക്കുന്ന നല്ല സിനിമയായിരിക്കണം ആദ്യ സിനിമയെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നെന്നും ബ്ലെസി കൂട്ടിച്ചേർത്തു.
