
മൈസൂരു: മൈസൂരുവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ബിസിനസുകാരനും മെക്കാനിക്കൽ എഞ്ചിനീയറുമായ ചേതൻ (45), ഭാര്യ രൂപാലി (43), മകൻ കുശാൽ (15), ചേതന്റെ അമ്മ പ്രിയംവദ (65) എന്നിവരാണ് മരിച്ചത്. ചേതന്റെ മൃതദേഹം അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും മകനെയും അവരുടെ സങ്കൽപ് സെറീൻ അപ്പാർട്ട്മെന്റിലെ വീടിനുള്ളിൽ മരിച്ച നിലയിലും കണ്ടെത്തി. അമ്മ പ്രിയംവദയെ അതേ സമുച്ചയത്തിലെ മറ്റൊരു അപ്പാർട്ട്മെന്റിലും മരിച്ച നിലയിൽ കണ്ടെത്തി. മറ്റുള്ളവരെ കൊലപ്പെടുത്തി, ചേതൻ ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു. കമ്മീഷണർ സീമ ലട്കറും ഡിസിപി എസ് ജാൻവിയും ഉടൻ സ്ഥലത്തെത്തി. മരണത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും, സാമ്പത്തിക ബുദ്ധിമുട്ടായിരിക്കാം കാരണമെന്ന് പൊലീസ് സംശയിക്കുന്നു. കടബാധ്യത കാരണം ചേതൻ വലിയ സാമ്പത്തിക സമ്മർദ്ദം നേരിടുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ചേതന്റെ ബന്ധുക്കളിൽ ഒരാൾ പോലീസിനെ അറിയിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. ഹാസൻ സ്വദേശിയായ ചേതൻ, 2019 ൽ മൈസൂരുവിലേക്ക് മടങ്ങുന്നതിന് മുമ്പ് ദുബായിൽ എഞ്ചിനീയറായി ജോലി ചെയ്തിരുന്നു. തിരിച്ചെത്തിയ ചേതൻ, ജോബ് കൺസൾട്ടൻസി ആരംഭിച്ചു. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ മുന്നോട്ടുപോയില്ല. ഞായറാഴ്ച, ചേതൻ തന്റെ കുടുംബത്തെ ഗൊരൂർ ക്ഷേത്രത്തിൽ ദർശനത്തിനായി കൊണ്ടുപോയിരുന്നു പിന്നീട്, കുടുംബം അവരുടെ അപ്പാർട്ട്മെന്റിലേക്ക് മടങ്ങുന്നതിന് മുമ്പ് ഭാര്യയുടെ വീട്ടിൽ അത്താഴം കഴിച്ചു. ചേതൻ ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ഭാര്യയെയും മകനെയും അമ്മയെയും വിഷം കൊടുത്തിരിക്കാമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, വിഷബാധയുടെ ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. കഴുത്തുഞെരിച്ച് കൊല്ലുകയോ ശ്വാസംമുട്ടിക്കുകയോ ചെയ്തിരിക്കാമെന്നും പൊലീസ് പറയുന്നു. മരണത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിക്കാൻ ഫോറൻസിക്, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിക്കണമെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുന്നതിന് മുമ്പ് ചേതൻ യുഎസിൽ താമസിക്കുന്ന തന്റെ സഹോദരീഭർത്താവിനെ വിളിച്ച് മരിക്കുകയാണെന്ന് അറിയിച്ചു. തുടർന്ന് സഹോദരീഭർത്താവ് മൈസൂരുവിലുള്ള ചേതന്റെ മാതാപിതാക്കളെ വിവരം അറിയിച്ചു.
