EntertaimentKerala

മതനിരപേക്ഷ രാജ്യത്തിന്‍റെ ആവശ്യകത ഫലപ്രദമായി അവതരിപ്പിച്ച സിനിമ’: എമ്പുരാനെ കുറിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം: എമ്പുരാനിൽ മതനിരപേക്ഷ രാജ്യത്തിന്‍റെ ആവശ്യകതയെ ഫലപ്രദമായി അവതരിപ്പിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയതയ്ക്കും കലാപത്തിനും എതിരെ സമാധാനം എന്ന ആശയം ഉത്പാദിപ്പിക്കുന്ന സിനിമയാണിത്. നടന്ന സംഭവങ്ങളുടെ അവതരണം ആണ് സിനിമയിൽ കണ്ടതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.  കലയെ കലയായി കാണണം. നിങ്ങൾ ഇങ്ങനെയേ സിനിമ ചെയ്യാവൂ എന്നാണ് ഭരണകൂടം പറയുന്നത്. ഫാസിസ്റ്റ് നിലപാടാണ് ഭരണകൂടം സ്വീകരിക്കുന്നത്. കലാകാരന്മാർക്ക് സമൂഹത്തോട് പറയാനുള്ള കാര്യം അവർ പറയും. സിനിമ ഒരു തുടർച്ചയാണെന്നും മൂന്നാം ഭാഗം കൂടി വരുമ്പോഴാണ് പൂർത്തിയാകുകയെന്നും എം വി ഗോവിന്ദൻ എമ്പുരാൻ കണ്ടിറങ്ങിയ ശേഷം പറഞ്ഞു. താൻ സിനിമയുടെ ഒന്നാം ഭാഗം കണ്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  ആർ എസ് എസ് സൂപ്പർ സെൻസർ ബോർഡായി പ്രവർത്തിക്കുന്നുവെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ജനാധിപത്യ അവകാശത്തിൽ മേലുള്ള കടന്നുകയറ്റമാണിത്. കേരള സ്റ്റോറി പ്രദർശിപ്പിക്കാൻ നേതൃത്വം കൊടുത്തവരാണ് ആർ എസ് എസ്. ഇപ്പോൾ കാണുന്നത് ആർ എസ് എസിന്‍റെ ഇരട്ടത്താപ്പാണ്. സിനിമാക്കാർ പ്രതികരിക്കാത്തത് ഭയംകൊണ്ടാകാമെന്നും മന്ത്രി പറഞ്ഞു.  സങ്കല്പിക കഥയാണ് എന്ന് പറയുമ്പോഴും ആർ എസ് എസ് എന്തിനു വിറളി പിടിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്‍റെ ചോദ്യം. സങ്കല്പികമല്ലെന്ന് ആർ എസ് എസ് വിശ്വസിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് ഇപ്പോൾ വന്ന വിവാദം. ഇഷ്ടമില്ലാത്തത് പറഞ്ഞതുകൊണ്ടാണ് പൃഥ്വിരാജിനെതിരായ ആക്രമണം. വെട്ടിക്കളയുന്ന ഭാഗങ്ങൾ ആയിരിക്കും ജനങ്ങൾ തിരഞ്ഞു പിടിക്കുക. ആദ്യം സിനിമയെ സിനിമയായി കാണൂ. സിനിമയെ സിനിമയായി കാണാൻ കഴിയാത്തത് അജണ്ട പുറത്തായത് കൊണ്ടാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button