കേരളത്തിലേക്ക് വ്യാജ ചായപ്പൊടി എത്തിക്കുന്നുവെന്ന കണ്ടെത്തല്‍ ശരിവെച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്.

കേരളത്തിലേക്ക് വന്‍തോതില്‍ മാരകമായ രാസവസ്തുക്കള്‍ ചേര്‍ത്ത തേയിലപ്പൊടി എത്തിക്കുന്നുവെന്ന റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണത്തിലെ കണ്ടെത്തല്‍ ശരിവെച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്. തമിഴ്‌നാട്ടിലെ കൂനൂരില്‍ നിന്നാണ് കേരളത്തിലേക്ക് വ്യാപകമായി വ്യാജ തേയില കൊണ്ടുവരുന്നതെന്ന് മലപ്പുറം തിരൂര്‍ ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം എന്‍ ഷംസിയ പറഞ്ഞു. തിരൂരില്‍ നിന്ന് നേരത്തെ പിടികൂടിയ വ്യാജ തേയില കൂനൂരില്‍ നിന്നും എത്തിച്ചതാണെന്നും തട്ടുകടകള്‍ കേന്ദ്രീകരിച്ചുള്ള ഇവയുടെ വിതരണം ഇപ്പോള്‍ പൂര്‍ണമായും അവസാനിപ്പിച്ചിട്ടുണ്ടെന്നും ഷംസിയ പറഞ്ഞു.
കൂനൂരില്‍ നിന്നും റിപ്പോര്‍ട്ടര്‍ സംഘത്തിന് ലഭിച്ച തേയില പൊടി ലാബില്‍ പരിശോധിച്ചപ്പോള്‍ മാരക രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയിരുന്നു. വസ്ത്രങ്ങള്‍ക്ക് നിറം കൂട്ടാന്‍ ചേര്‍ക്കുന്ന Karmoxin, Sunset yellow, Tartrazin എന്നിവയാണ് തേയിലപ്പൊടിയില്‍ കണ്ടെത്തിയത്. എല്ലാ തട്ടുകടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചിലരില്‍ അലര്‍ജിക്കും ഹൈപ്പര്‍ ആക്ടിവിറ്റിക്കും അർബുദത്തിനും കാരണമായേക്കാവുന്നതാണ് ചായയുടെ കടുപ്പം വര്‍ധിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന ഈ രാസവസ്തുക്കള്‍.
