KeralaSpot light

മദ്യം വാങ്ങിയാല്‍ 20 രൂപ ഡെപ്പോസിറ്റ് ആയി അധികം നൽകണം, 800 രൂപക്ക് മുകളിൽ ഉള്ള കുപ്പി ബെവ്കോ ഔട്ട്ലെറ്റിൽ തിരികെ നൽകിയാൽ 20 രൂപ തിരികെ ലഭിക്കും

തിരുവനന്തപുരം: 800 രൂപയ്ക്ക് മുകളിലുള്ള മദ്യം ഇനി ചില്ല് (ഗ്ലാസ്) കുപ്പികളിൽ വിതരണം ചെയ്യാൻ സർക്കാർ തീരുമാനം. എക്സൈസ് മന്ത്രി എം.ബി. രാജേഷ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. പ്രതിവർഷം 70 കോടി മദ്യക്കുപ്പികളാണ് സംസ്ഥാനത്ത് വിറ്റഴിക്കുന്നത്. ഇവയിൽ ഭൂരിഭാഗവും പ്ലാസ്റ്റിക് കുപ്പികളാണ്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനമേർപ്പെടുത്താനുള്ള തീരുമാനം.

മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ സംവിധാനവും ഏർപ്പെടുത്തും. മദ്യം വാങ്ങുമ്പോൾ 20 രൂപ അധികമായി ഡെപ്പോസിറ്റ് തുകയായി ഈടാക്കും.800 രൂപക്ക് മുകളിൽ ഉള്ള കുപ്പികൾ ബെവ്കോ ഔട്ട്ലെറ്റിൽ തിരികെ നൽകിയാൽ 20 രൂപ തിരിച്ച് നൽകുന്ന സംവിധാനമാണ് ഏർപ്പെടുത്തുക. മദ്യക്കുപ്പികൾ മൂലമുണ്ടാകുന്ന മാലിന്യം കുറയ്ക്കാനുള്ള നടപടിയാണ്. ക്ലീൻ കേരളം കമ്പനിയുമായി ചേർന്ന് ഇതിന്റെ പൈലറ്റ് പദ്ധതി സെപ്റ്റംബറിൽ തിരുവനന്തപുരത്ത് തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

തമിഴ്നാട്ടിലെ മാതൃക പഠിച്ചിട്ടാണ് കേരളത്തിലും പദ്ധതി നടപ്പാക്കാനൊരുങ്ങുന്നത്. ബെവ്കോ, ക്ലീൻ കേരളം കമ്പനി, എക്സൈസ്, ശുചിത്വമിഷൻ എന്നിവർ സംയുക്തമായി തമിഴ്നാടിന്റെ രീതി പഠിച്ചുവെന്നും മന്ത്രി പറഞ്ഞു. ഇതുപ്രകാരം വാങ്ങിയ ഔട്ട്ലെറ്റിൽ തന്നെ കുപ്പി തിരികെ ഏൽപ്പിച്ചാൽ മാത്രമേ ഡെപ്പോസിറ്റ് തുക തിരികെ കിട്ടൂ. ഭാവിയിൽ ഏത് ഔട്ട്ലെറ്റിൽ കൊടുത്താലും പണം തിരികെ കൊടുക്കുന്ന പദ്ധതി നടപ്പാക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

പുതിയ തീരുമാന പ്രകാരം കുപ്പിയിലെ സ്റ്റിക്കർ നഷ്ടപ്പെടാൻ പാടില്ല. സ്വകാര്യ സംരംഭകരെ ഉപയോഗിച്ചാകും കുപ്പികൾ സംഭരിക്കുക. ഇതിന് പുറമെ എല്ലാ ജില്ലകളിലും 900 രൂപയ്ക്ക് മുകളിലുള്ള വിദേശമദ്യം വിൽക്കുന്ന സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ ബെവ്കോ തുറക്കും. ബെവ്കോ ഔട്ട്ലെറ്റുകളിലെ ക്യൂ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തിലാണ് ഈ നീക്കം. ഇതിൽ ആദ്യത്തേത് ഓഗസ്റ്റ് അഞ്ചിന് തൃശ്ശൂർ ജില്ലയിലാകും ആരംഭിക്കുക. പിന്നാലെ നാലെണ്ണം കൂടി മറ്റ് ജില്ലകളിൽ തുറക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button