National

ഹിമാലയത്തിന് ചൂടു പിടിക്കുന്നു…മഞ്ഞ് വീഴ്ചയിലെ കുറവ് ഭീഷണിയാകുന്നത് കോടികണക്കിന് മനുഷ്യർക്ക്

ഏഷ്യയുടെ ജലഗോപുരം എന്നറിയപ്പെടുന്ന ഹിമാലയം ഗുരുതരമായ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. ഭൂമിയുടെ ചൂട് വർധിക്കുന്നതിനനുസരിച്ച് ഹിന്ദുക്കുഷ് മലനിരകളെയും ചൂടുപിടിപ്പിക്കുന്ന പാരിസ്ഥിതിക ദുരന്തം ഏകദേശം 200 കോടി ആളുകളെയാണ് ബാധിക്കാൻ പോകുന്നത്. ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റ്ഗ്രേറ്റഡ് മൗണ്ടെയ്ൻ ഡെവലപ്മെന്റ്(ഐ.സി.ഐ.എം.ഒ.ഡി) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 23 വർഷത്തിനിടെ ഏറ്റവും കുറവ് മഞ്ഞ് വീഴ്ചയുള്ള വർഷമായാണ് 2024-25നെ രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണ സമയങ്ങളിൽ ഉള്ളതിനെക്കാൾ 23.6 ശതമാനം കുറവ് മഞ്ഞ് വീഴ്ചയാണിത്. തുടർച്ചയായ മൂന്നാം വർഷമാണ് ഇത്തരത്തിൽ മഞ്ഞുവീഴ്ചയിൽ കുറവുണ്ടാകുന്നതെന്ന വാർത്ത ആശങ്കയുളവാക്കുന്നതാണ്.ഹിമാലയത്തിലെ മഞ്ഞുരുകൽ കാർഷിക മേഖലയിലും ജലസേചനത്തിനും തടസ്സം സൃഷ്ടിക്കും. ഗംഗ,സിന്ദു, ബ്രഹ്മപുത്ര തുടങ്ങി ഏഷ്യയിലെ പ്രധാനപ്പെട്ട 12 നദികൾ ഉദ്ഭവിക്കുന്നത് ഹിമാലയത്തിൽ നിന്നാണ്. ഹിമാലയൻ മലനിരകളിലെ മഞ്ഞുരുകി ഈ നദികളിലൂടെ ഒഴുകിവരുന്ന ജലത്തെ ആശ്രയിച്ചാണ് ഇന്ത്യ, ചൈന, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് രാജ്യങ്ങളിലെ കാർഷിക മേഖലയും, വൈദ്യുത പ്രോജക്ടുകളും ഒക്കെ നിലനിൽക്കുന്നത്. മഞ്ഞുവീഴ്ച കുറഞ്ഞാൽ അവ എല്ലാം താറുമാറാകും. ക്രമരഹിതമായ മഞ്ഞുവീഴ്ച നദികളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് മാത്രമല്ല ഗുരുതരമായ വരൾച്ചയ്ക്കും കാരണമാകും. കാലാവസ്ഥ വ്യതിയാനമാണ് മഞ്ഞു വീഴ്ചയിലെ വ്യതിയാനത്തിന് കാരണം. ആഗോള ശരാശരിയെക്കാൾ വേഗത്തിലാണ് ഹിമാലയം ചൂടു പിടിക്കുന്നതെന്നാണ് പഠനം. ഹരിതഗൃഹ വാതകങ്ങളും, നഗര വ്യാപനവും, ഭൂമി ഉപയോഗത്തിലെ പരിവർത്തനം ഇതൊക്കെയാണ് വ്യതിയാനത്തിന് പിന്നിൽ. 2019ലെ ഐ.സി.ഐ.എം.ഒ.ഡി റിപ്പോർട്ട് പ്രകാരം പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ പിടിച്ചു നിർത്തിയാലും ഹിന്ദുക്കുഷിൻറെ താപനില 0.3 ഡിഗ്രി സെൽഷ്യസിൽ തന്നെയാണ്. മഞ്ഞുവീഴ്ചയിലെ അസ്ഥിരത പശ്ചിമ വാതത്തെയും സ്വാധീനിക്കുമെന്ന് പറയുന്നു.മുൻകരുതൽ എന്ന നിലയ്ക്ക് നയ രൂപകർ ജലസേചനം, വരൾച്ചയെ അതിജീവിക്കുന്ന കാർഷികമേഖല എന്നിവയിലെല്ലാം നിക്ഷേപം നടത്തേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി പ്രാദേശിക സഹകരണമാണ് ഉറപ്പുവരുത്തേണ്ടത്. പ്രത്യേകിച്ച് രാജ്യങ്ങൾ തമ്മിൽ ജലം പങ്കിടലുമായി ബന്ധപ്പെട്ട് തർക്കങ്ങൾ നിലനിൽക്കുമ്പോൾ. ഹിമാലയത്തിന്റെ മഞ്ഞുരുകൽ കേവലമൊരു പ്രാദേശിക പ്രതിസന്ധിയല്ല, മറിച്ച് ആഗോള കാലാവസ്ഥ അടിയന്തരാവസ്ഥയെക്കൂടി ബാധിക്കുന്ന ഗുരുതര പ്രതിസന്ധിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button