കൂറ്റൻ ബോർഡ് ഹൈവേയിലേക്ക് മറിഞ്ഞുവീണു; പഞ്ചറായി വഴിയിലായത് അൻപതിലധികം വാഹനങ്ങൾ, മുംബൈയിൽ യാത്രക്കാർ കുടുങ്ങി
മുംബൈ: രാത്രി ഹൈവേയിലേക്ക് മറിഞ്ഞുവീണ കൂറ്റൻ ഇരുമ്പ് ബോർഡിൽ കയറിയിറങ്ങിയ അൻപതിലധികം വാഹനങ്ങളുടെ ടയറുകൾ പഞ്ചറായി. കഴിഞ്ഞ ദിവസം രാത്രി മുംബൈ – നാഗ്പൂർ സമൃദ്ധി ഹൈവേയിലായിരുന്നു സംഭവം. രാത്രി പത്ത് മണിയോടെയാണ് ബോർഡ് റോഡിലേക്ക് വീണത്. വാഷിം ജില്ലയിലെ മലേഗാവിനും വനോജ ടോൾ പ്ലാസയ്ക്കും ഇടയിലായിരുന്നു സംഭവം. നിരവധി കാറുകളും ചരക്ക് കൊണ്ടുപോകുകയായിരുന്ന ട്രക്കുകളും ടയർ പഞ്ചറായി വഴിയിൽ കുടുങ്ങി. ഇത് ഹൈവേയിൽ ഉടനീളം ഗതാഗതക്കുരുക്കിനും കാരണമായി. പ്രശ്നം പരിഹരിച്ച് വാഹനങ്ങളുടെ യാത്ര തുടരാൻ സാധിക്കാത്തതു കൊണ്ട് വാഹനങ്ങളിലുണ്ടായിരുന്നവർ രാത്രി വൈകിയും വഴിയിൽ കുടുങ്ങി. ബോർഡ് റോഡിലേക്ക് വീണത് സ്വാഭാവികമായി സംഭവിച്ചതാണോ അതോ ആരെങ്കിലും ബോധപൂർവം ചെയ്തതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അതേസമയം അതിവേഗ റോഡ് ഇടനാഴികളിലെ വാഹന ഗതാഗത സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങൾക്കും ഈ സംഭവം ഇടയാക്കിയിട്ടുണ്ട്. പ്രവേശന നിയന്ത്രണമുള്ള 701 കിലോമീറ്റർ നീളുന്നതാണ് സമൃദ്ധി മഹാമാർഗ് ഹൈവേ. ആറ് വരികളുള്ള ഈ റോഡ് പലയിടത്തും പ്രവർത്തന സജ്ജമായി വരികയാണ്. മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന ഈ റോഡ് 55,000 കോടി രൂപ ചെലവഴിച്ചാണ് നിർമിക്കുന്നത്