Crime

ട്രെയിനിൽ ഉറങ്ങിയ യുവതിയുടെ സ്വർണ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ; പിടിയിലായത് 3000 മൊബൈൽ ഫോൺ കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിൽ

തിരുവനന്തപുരം: ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിയുടെ സ്വർണ പാദസരം മോഷ്ടിച്ചയാൾ അറസ്റ്റിൽ. റെയിൽവേ പൊലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ അതിസമർഥമായ അന്വേഷണത്തിൽ പിടികൂടി. മലപ്പുറം അങ്ങാടിപ്പുറം ചെരക്കപ്പറമ്പ് സ്വദേശി സി.വി. ശ്രീജിത്താണ് അറസ്റ്റിലായത്. പട്ടത്തെ ഭാര്യവീട്ടി​ലേക്കുള്ള യാത്രക്കിടെയാണ് ഇയാൾ മോഷണം നടത്തിയത്.കഴിഞ്ഞ മാസം 25നാണ് കേസിനാസ്പദമായ സംഭവം. നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും രാജ്യറാണി എക്സ്​പ്രസിൽ കൊച്ചുവേളിയിലേക്ക് യാത്രചെയ്ത യാത്രക്കാരിയുടെ കൊലുസാണ് ഇയാൾ മോഷ്ടിച്ചത്. 26ന് ട്രെയിൻ കൊച്ചുവേളിയിലെത്തിയപ്പോൾ സൈഡ് ലോവര്‍ സീറ്റില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ വലതുകാലിലെ ഒരുപവൻ തൂക്കം വരുന്ന കൊലുസ്​ ഇയാൾ കട്ടിങ്​ പ്ലയര്‍ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. തുടർന്ന്, ഇടതുകാലിലെ കൊലുസും മുറിക്കാൻ ശ്രമിക്കവെ, യാത്രക്കാരി ഉണർന്ന് ബഹളംവെക്കുകയും ഇയാൾ പ്ലാറ്റ്ഫോമിലൂടെ ഓടി രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന്, റെയിൽവേ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 20ലേറെ സി.സി.ടി.വി ദൃശ്യങ്ങളും മൂവായിരത്തിൽപരം മൊബൈൽ ഫോൺ നമ്പറുകളും കേന്ദ്രീകരിച്ച്​ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ടാഴ്ചക്കുശേഷം ചെരക്കപ്പറമ്പിലെ വീട്ടിൽ നിന്ന്​ ഇയാളെ പിടികൂടിയത്. ശ്രീജിത്തിന്‍റെ വീട്ടിൽ നിന്ന്​ മോഷണം പോയ കൊലുസും മറ്റ് മോഷണവസ്തുകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. തമ്പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സതീഷ് കുമാർ, ആർ.പി.എഫ്​ എ.എസ്.ഐ ജോജി ജോസഫ്, ഹെഡ് കോൺസ്റ്റബിൾ നിമേഷ്, കോൺസ്റ്റബിൾമാരായ അരുൺബാബു, പ്രമോദ്, കിഷോർ, സരിൻ സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button