പോപ്പുലർ സർവീസിലെ മോസ്റ്റ് പോപ്പുലർ ലേഡി മെക്കാനിക്ക്; ആണുങ്ങൾ നിറഞ്ഞൊരു തൊഴിലിടത്തിലെ പെണ്ണൊരുത്തി

കോട്ടയം: കേരളത്തിൽ അപൂർവമായാണ് സ്ത്രീകൾ വാഹന വർക്ക്ഷോപ്പുകളിൽ ജോലി ചെയ്യുന്നത്. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി കോട്ടയം ചവിട്ടുവരിയിലെ പോപ്പുലർ വെഹിക്കിൾ സർവീസിൽ ഒരു വനിത മെക്കാനിക് ജോലി ചെയ്യുന്നുണ്ട്. ആർപ്പുക്കര സ്വദേശിയായ ഷിന്‍റു കെ ഷാജിയാണ് വീട്ടുകാരുടെ അടക്കം എതിർപ്പ് മറികടന്ന് ഈ ജോലി തെരഞ്ഞെടുത്തത്. ആണുങ്ങൾ നിറഞ്ഞൊരു തൊഴിലിടത്തിലെ ഈ പെണ്ണൊരുത്തി അത്ര നിസാരക്കാരിയല്ല. ബൈക്കും കാറും ടിപ്പറും ലോറിയുമെല്ലാം അഴിച്ച് പണിത് നന്നാക്കും. സ്ത്രീകൾ അധികം എത്തിപ്പെടാത്ത മെക്കാനിക്കിന്‍റെ കുപ്പായം അണിഞ്ഞത് ഒരാഗ്രഹത്തിന്‍റെ സഫലീകരണം കൂടിയാണ്. കുട്ടിക്കാലത്ത് തന്നെ മനസിലാഴത്തിൽ പതിഞ്ഞതാണ് വണ്ടിക്കമ്പം. ആദ്യമൊക്കെ വാഹനമോടിക്കാനായിരുന്നു കൊതി. പിന്നീട് വണ്ടികളെ പറ്റി പഠിക്കാൻ തുടങ്ങി. ഒടുവിൽ വണ്ടിപ്പണിക്കാരിയാകണമെന്നുള്ള ആഗ്രഹമുണ്ടായി. അങ്ങനെ മെക്കാനിക്ക് ആകണമെന്ന് ആഗ്രഹവുമായി ഷിന്‍റു എത്തിയത് ഏറ്റുമാനൂർ സർക്കാർ ഐടിഐയിലാണ്. എന്നാല്‍, ഈ ട്രേഡ് പെണ്‍കുട്ടികൾക്ക് പറ്റുന്നതല്ലെന്ന് പറഞ്ഞ് ആദ്യ ഐടിഐ അധികൃതര്‍ എതിര്‍ത്തു. തന്‍റെ താത്പര്യത്തില്‍ ഉറച്ച് നിന്നതോടെയാണ് പഠിക്കാൻ അനുവദിച്ചതെന്നും ഷിന്‍റു പറഞ്ഞു. വാശിപിടിച്ച് പഠിച്ചെടുത്ത തൊഴിൽ ഇന്ന് ഷിന്‍റവിന് അഭിമാനവും സ്വന്തം കാലിൽ നിൽക്കാനുളള വരുമാനവുമാണ്. ഒപ്പം ഈ പണി ആണുങ്ങൾക്ക് മാത്രമെന്ന് കരുന്നവർക്കുളള മറുപടിയും കൂടിയാണ്. കൂടുതൽ പെൺകുട്ടികൾ ഈ മേഖലയിലേക്ക് കടന്നു വരണമെന്ന് ഷിന്‍റുവിന്‍റെ ആഗ്രഹവും ആഹ്വാനവും.
