
ലബനോൻ : യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി മലങ്കര മെത്രാപ്പൊലീത്തയും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് പ്രസിഡന്റുമായ ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ മാര്‍ച്ച് 25 ന് വാഴിക്കും. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ സെന്റ് മേരീസ് സിറിയന്‍ കത്തീഡ്രലില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 8:30 നാണ് ചടങ്ങ്. സഭയുടെ പരമാധ്യക്ഷന്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കീസ് ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും.
യാക്കോബായ സഭയുടേതടക്കം സിറിയന്‍ ഓര്‍ത്തഡോക്സ് സഭയിലെ മറ്റു മെത്രാപ്പൊലീത്തമാര്‍ സഹകാര്‍മികരാകും. യാക്കോബായ സഭാംഗങ്ങളുടെ പ്രതിനിധി സംഘവും മാര്‍ത്തോമ്മാ സഭയുടെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്തയും ലെബനനില്‍ എത്തിയിട്ടുണ്ട്. ചടങ്ങ് നടക്കുന്ന സെന്റ് മേരീസ് കത്തീഡ്രലില്‍ ഇന്നലെ നടന്ന പ്രാര്‍ഥനയ്ക്ക് പാത്രിയര്‍ക്കീസ് ബാവായും ജോസഫ് മാര്‍ ഗ്രിഗോറിയോസും നേതൃത്വം നല്‍കി.
മുള്‍ക്കിരീടമണിഞ്ഞ് കുരിശിന്റെ വഴിയിലൂടെയുള്ള യാത്രയാണിതെന്ന് അറിയാം. ആ കഠിന യാത്രയില്‍ കേരളത്തിലെ സുമനസുകളായ എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി, ഭിന്നതയും തിന്മയോടുള്ള ആഭിമുഖ്യം ഒഴിവാക്കി മുന്നോട്ടുപോകാനായിരിക്കും തന്റെ ശ്രമമെന്ന് ജോസഫ് മാര്‍ ഗ്രിഗോറിയോസ് വ്യക്തമാക്കി.
പ്രാദേശിക ഭരണത്തിനായി ക്രമീകരിച്ച കാതോലിക്കേറ്റിലെ 81-ാമത് ബാവയാകും ജോസഫ് ഗ്രിഗോറിയോസ്. കര്‍ദ്ദിനാള്‍ ബസേലിയോസ് ക്‌ളിമീസ് കാതോലിക്ക ബാവ, ജോസഫ് ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, ലെബനന്‍ പ്രസിഡന്റ് ജോസഫ് ഖലീല്‍ ഔണ്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളാകും. വിവിധ ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍ ചടങ്ങില്‍ പങ്കെടുക്കും. കേരളത്തില്‍ നിന്ന് മലങ്കര കത്തോലിക്കാ സഭയുടെ തലവനായ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയും മാര്‍ത്തോമ്മ സഭയെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്തയും മറ്റ് സഭാ പ്രതിനിധികളും പങ്കെടുക്കും. വിവിധ രാജ്യങ്ങളിലെ അംബാസഡര്‍മാര്‍, കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധികളായി മുന്‍മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘവും, കേരള സര്‍ക്കാരിന്റെ പ്രതിനിധികളായി മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗ സംഘവും പങ്കെടുക്കും.
ചടങ്ങ് നടക്കുന്ന ലെബനന്‍ അച്ചാനെയിലുള്ള പാത്രിയര്‍ക്കാ കേന്ദ്രം
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ കാലം ചെയ്തതിനെ തുടര്‍ന്നാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസിനെ പുതിയ കാതോലിക്ക ബാവയായി തിരഞ്ഞെടുത്തത്. നിലവില്‍ മലങ്കര മെത്രാപ്പൊലീത്തയായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ പ്രഖ്യാപിച്ചിരുന്നു.
