World

തിരക്കേറിയ ഹൈവേയിൽ ലാൻഡ് ചെയ്ത വിമാനം മൂന്ന് കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി തകർന്നു; നാല് പേർക്ക് പരിക്ക്

ടെക്സസ്: ഹൈവേയിൽ ലാൻഡ് ചെയ്ത ചെറു വിമാനം കാറുകൾക്ക് മുകളിലേക്ക് ഇടിച്ചുകയറി. നാല് പേർക്ക് പരിക്കേറ്റു. ഇവരി ഒരാളുടെ നില ഗുരുതരമാണ്. മൂന്ന് കാറുകൾക്ക് മുകളിലേക്കാണ് ഇരട്ട എഞ്ചിനുകളുള്ള ചെറു പ്രൊപ്പല്ലർ വിമാനം ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ വിമാനം രണ്ടായി പിളർന്നു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. സൗത്ത് ടെക്സസിലൂടെ കടന്നുപോകുന്ന സ്റ്റേറ്റ് ഹൈവേ ലൂപ് 463ൽ വിക്ടോറിയ സിറ്റിയിലാണ് വിമാനം ഇറക്കിയത്. ബുധനാഴ്ച്ച വൈകുന്നേരം മൂന്ന് മണിയോടെ ഹൈവേയ്ക്ക് മുകളിൽ വളരെ താഴ്ന്ന് പറന്ന വിമാനം റോഡിൽ അപ്രതീക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. ഈ സമയം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന മൂന്ന് കാറുകളിലേക്ക് വിമാനം ഇടിച്ചുകയറി. വിമാനത്തിന്റെ അവശിഷ്ടങ്ങൾ തിരക്കേറിയ ഹൈവേയിൽ ചിന്നിച്ചിതറി കിടക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റ മൂന്ന് പേരും അപകട നില തരണം ചെയ്തതായി പൊലീസ് അറിയിച്ചു. ഒരാളെ വിദഗ്ധ ചികിത്സയ്ക്ക് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. വലിയ അപകടം സംഭവിക്കാതിരുന്നത് ആശ്വാസകരമാണെന്ന് വിക്ടോറിയ പൊലീസ് ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി പൊലീസ് ചീഫ് എലിൻ മോയ പറഞ്ഞു. ലാൻഡിങിന് തൊട്ടുമുമ്പുള്ള വിമാനത്തിന്റെ ദൃശ്യങ്ങൾ ചില ക്യാമറയിൽ പകർത്തുകയും ചെയ്തു. രണ്ട് എഞ്ചിനുകളുള്ള പൈപർ പിഎ-31 വിമാനമാണ് തകർന്നത്. പൈലറ്റ് മാത്രമാണ് വിമാനത്തിൽ ആ സമയത്ത് ഉണ്ടായിരുന്നത്. വിക്ടോറിയ പൊലീസ് വകുപ്പും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംഭവത്തിൽ അന്വേഷണം തുടങ്ങി. വിമാന വിവരങ്ങൾ ലഭ്യമാക്കുന്ന വെബ്സൈറ്റുകൾ പ്രകാരം രാവിലെ 9.52നാണ് ഈ വിമാനം വിക്ടോറിയ റീജ്യണൽ എയർപോർട്ടിൽ നിന്ന് പറന്നുയർന്നത്. തകരുന്നതിന് മുമ്പ് 5 മണിക്കൂറോളം വിമാനം പറക്കുകയും ചെയ്തു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button