CrimeKerala

പൊലീസുകാര്‍ 3 ദിവസം ശരിക്കും പട്ടിണി കിടന്നു; പക്ഷെ പോയ കാര്യം സെറ്റ്, മടങ്ങിയത് സ്കൂട്ടറിൽ പ്രതിയുമായി

തിരുവല്ല: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം കടത്തിക്കൊണ്ടുപോയ 17 കാരിയെ ഒന്നിലധികം തവണ ബലാൽസംഗത്തിനിരയാക്കിയശേഷം നാടുവിട്ട പ്രതിയെ തിരുവല്ല പൊലീസ് പിടികൂടിയത് മൂന്നുദിവസത്തെ കടുത്ത അലച്ചിലിനൊടുവിൽ ദില്ലിയിൽ നിന്നും. കോട്ടയം മണിമല വെള്ളാവൂർ ഏറത്തു വടക്കേക്കര തോട്ടപ്പള്ളി കോളനി കഴുന്നാടിയിൽ താഴെ വീട്ടിൽ  സുബിൻ എന്ന കാളിദാസി(23)നെ  പ്രത്യേക അന്വേഷണസംഘം വലയിലാക്കിയതിനു പിന്നിൽ പട്ടിണിയുടെയും അലച്ചിലിന്റെയും കഷ്ടപ്പാടിന്റെയും സാഹസികതയുടെയും വ്യത്യസ്ത അനുഭവങ്ങളാണ് ഉള്ളത്. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്‌പെക്ടർ  ബി കെ സുനിൽ കൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. എസ് എച്ച് ഓ എസ് സന്തോഷ് തുടർ നടപടികൾ സ്വീകരിച്ചു. എസ് ഐ അജി ജോസ്, എ എസ് ഐ ജയകുമാർ, എസ് സി പി ഓമാരായ അഖിലേഷ്, മനോജ്‌ കുമാർ,അവിനാഷ്, സി പി ഓ ടോജോ എന്നിവരടങ്ങിയ  ‘തിരുവല്ല പൊലീസ് സ്‌ക്വാഡ് ‘ പ്രതിയെ കുടുക്കിയത് നാടകീയവും  ട്വിസ്റ്റുകൾ നിറഞ്ഞതുമായ നീക്കൾക്കൊടുവിലായിരുന്നു.  കാളിദാസിനെ കണ്ടെത്താൻ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം  നിയോഗിച്ച ഈ പ്രത്യേക സംഘം അന്വേഷണം വ്യാപകമാക്കിയതിനെതുടർന്ന് പ്രതി ദില്ലിയിലുണ്ടെന്ന രഹസ്യവിവരം ലഭിച്ചു. തുടർന്ന്  അവിടെയെത്തി ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്താൽ ഇയാളുടെ ഫോൺ ലൊക്കേഷൻ തിരഞ്ഞപ്പോൾ ദില്ലിയിൽ നിന്നും 26 കിലോമീറ്റർ  ദൂരത്തുള്ള ബദർപ്പൂർ ആയിരുന്നു. തുടർന്ന് സംഘം  ഫരീദാബാദിലെത്തി, അവിടുത്തെ മലയാളി അസോസിയേഷന്റെ ഭാരവാഹികളെ കണ്ടു വിവരം അറിയിച്ചപ്പോൾ അവർ മുൻകൈയെടുത്ത്  താമസസൗകര്യവും മറ്റും ഒരുക്കികൊടുത്തു. പത്തനംതിട്ട ഡിവൈഎസ്പി  എസ് നന്ദകുമാറിന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു മലയാളി അസോസിയേഷനിൽ പലരും.  പിറ്റേന്ന് രാവിലെ കാളിദാസിന്റെ ലൊക്കേഷൻ നോക്കുമ്പോൾ അവിടെയെത്താൻ 18 കിലോമീറ്റർ സഞ്ചരിക്കേണ്ടതുണ്ടെന്ന് വ്യക്തമായി. ഉടൻതന്നെ അസോസിയേഷൻ ഭാരവാഹികൾ ഇടപെട്ട് സംഘത്തിന് സഞ്ചരിക്കാൻ രണ്ട് സ്കൂട്ടർ നൽകി. സ്കൂട്ടറുകളിൽ സഞ്ചരിച്ച് ബദർപ്പൂരിൽ എത്തുമ്പോൾ പൊലീസ് സംഘം അന്തംവിട്ടു. കടൽ പോലെ വിശാലമായ ചേരിപ്രദേശം, അവിടെ നിന്നും എങ്ങനെ പ്രതിയെ തെരഞ്ഞുകണ്ടെത്തുമെന്ന് ആലോചിച്ചിട്ട് എത്തും പിടിയും കിട്ടാത്ത അവസ്ഥ. സിനിമാ രംഗങ്ങളിൽ കണ്ടിട്ടുള്ള പശ്ചാത്തലം പോലെ. ബീഹാറികൾ, ബംഗാൾ സ്വദേശികൾ, നേപ്പാളികൾ ഉൾപ്പെടെ പലയിടങ്ങളിൽ നിന്നുള്ള പല വിഭാഗത്തിൽപ്പെട്ട ആളുകൾ ഇടകലർന്നു താമസിക്കുന്ന ചേരി. ഇവരുടെ കൂട്ടത്തിൽ നിന്നും പ്രതിയെ കണ്ടെത്തുക അതീവ ദുഷ്കരമാണെന്ന് സംഘത്തിന് മനസ്സിലായി. മലയാളികൾ ആരെയും തന്നെ കണ്ടെത്താനുമായില്ല. കാളിദാസന് നാടുവിടാൻ സൗകര്യം ഒരുക്കിയ വീട്ടുകാർ  അവിടെ  കാര്യങ്ങൾ ഏൽപ്പിച്ചത് അമ്മാവൻ ഡെന്നിയെയായിരുന്നു. ടൂറിസ്റ്റ് ബസ്  ഡ്രൈവറായിരുന്നു ഇയാളെ കണ്ടെത്താനുള്ള ശ്രമകരമായ അന്വേഷണത്തിനൊടുവിൽ  പൊലീസ് സംഘം ഡെന്നിയുടെ വീട് കണ്ടെത്തി. എന്നാൽ മുഴുവൻ പ്രതീക്ഷകളും അസ്തമിപ്പിക്കും വിധമുള്ള വിവരമാണ് ഇവിടെ നിന്ന് കിട്ടിയത്. ഈ വർഷം ജനുവരി ഒന്നിന് ഡെന്നി തൂങ്ങിമരിച്ചു എന്ന വിവരമറിഞ്ഞ സംഘം സർവ്വ പ്രതീക്ഷകളും നഷ്ടപ്പെട്ട അവസ്ഥയിലായി പൊലീസ് സംഘം.  പ്രതിയുടെ ഫോൺ കോൺടാക്ടിൽ ഹരിയാന, ദില്ലി ഭാഗങ്ങളിലെ ആരുടേയും വിവരം കിട്ടിയതുമില്ല. പ്രതിയുടെ കോൺടാക്റ്റിലുള്ള നാട്ടിലുള്ളവരുമായി ബന്ധപ്പെടാനുള്ള നീക്കവും പൊലീസ് ഉപേക്ഷിച്ചു. രാത്രി വൈകി താമസസ്ഥലത്ത് തിരിച്ചെത്തിയ പൊലീസ് സി ഡി ആർ വീണ്ടും പരിശോധിച്ചു. ഡെന്നിയുടെ ഭാര്യയെ കണ്ടാൽ സഹായിക്കും എന്ന് കരുതി ശ്രമിച്ചിട്ടും ഫലം ഉണ്ടായില്ല. പിറ്റേന്ന് മൂന്നാം ദിവസം രാവിലെ അന്വേഷണം തുടർന്നു. പ്രതിക്ക് താമസസൗകര്യം ഒരുക്കിയ  റോയ് എന്ന ആളെ കണ്ടെത്താനായി പിന്നീടുള്ള ശ്രമം, എന്നാൽ അയാളുടെ വിലാസം കിട്ടിയില്ല. ഒടുവിൽ, ബദർപൂർ പൊലീസ് സ്റ്റേഷനിലെ സ്‌ക്വാഡ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം തേടി. അങ്ങനെ പ്രതിയുടെ ഒളിയിടം കണ്ടെത്തുകയായിരുന്നു. അവിടെ ഒരു കടയിൽ എല്ലാ ദിവസവും വൈകിട്ട് ഇയാൾ  ബീഡി വലിക്കാനും ചായ കുടിക്കാനും വരുമെന്ന്  മനസ്സിലാക്കി. കടക്കാരനെ ഫോട്ടോ കാണിച്ച്  ആളെ ഉറപ്പിച്ചും, ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചും പൊലീസ് പ്രതിയെ ഉറപ്പിച്ചു. പൊലീസ് സംഘം പലയിടങ്ങളിലായി പതുങ്ങിയിരുന്നു. രാത്രി ഒമ്പതോടെ  കുറച്ചു ദൂരെ നിന്നും നടന്നുവന്ന പ്രതി കടയിലെത്തിയ ഉടനെ സംഘം വളഞ്ഞു പിടികൂടുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ കയറ്റി ഫരീദാബാദിലേക്ക് തിരിച്ചു. എട്ടു മാസമായി നിരന്തരം നാട്ടിലുള്ള,  ഇയാളുമായി ബന്ധപ്പെട്ട ഏകദേശം നൂറോളം പേരുടെ സി ഡി ആർ പരിശോധിച്ചും, മറ്റ് അന്വേഷണങ്ങൾ ഊർജ്ജിതമായി നടത്തിയും പ്രതിയിലേക്ക് എത്താൻ ശ്രമിച്ച്  തുമ്പു കിട്ടാഞ്ഞ അന്വേഷണസംഘം ഒടുവിൽ വിജയം കണ്ടു. ശരിക്കും പട്ടിണി കിടന്നു തന്നെയാണ് ഈ ദിവസങ്ങൾ കഴിച്ചുകൂട്ടിയതെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥർ പ്രതികരിക്കുന്നത്. എങ്കിലും അവർ സന്തുഷ്ടരാണ്. ഒരു സംസ്ഥാനത്തു നിന്നും മറ്റൊന്നിലേക്ക് സ്കൂട്ടറിൽ പോയി പ്രതിയെ പിടികൂടി സ്കൂട്ടറിൽ തന്നെ തിരിച്ചെത്തി എന്ന അപൂർവതയും തിരുവല്ല പൊലീസ് സ്‌ക്വാഡ്  ഈ അറസ്റ്റിലൂടെ സ്വന്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button