രാജ്യത്ത് പ്രമേഹ മരുന്നിന്റെ വില കുറയും; 60 രൂപക്ക് പകരം ഇനി ഒൻപൻത് രൂപ

ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രമേഹവുമായി മല്ലിടുന്ന കോടിക്കണക്കിനാളുകൾക്ക് ആശ്വാസ വാർത്തയാണിത്. മുമ്പ് ഉയർന്ന വിലക്ക് ലഭ്യമായിരുന്ന നിർണായക മരുന്നായ എംപാഗ്ലിഫ്ലോസിൻ ഉടൻ തന്നെ ആഭ്യന്തര ഔഷധ കമ്പനികൾ വളരെ കുറഞ്ഞ ചെലവിൽ നൽകി തുടങ്ങും. മാർച്ച് 11 മുതൽ മരുന്നിന്റെ വില ഒരു ടാബ്‌ലെറ്റിന് 60 രൂപയിൽ നിന്ന് ഒൻപത് രൂപയായി കുറയും. ദശലക്ഷക്കണക്കിന് പ്രമേഹ രോഗികൾ ഇതിന്റെ ഗുണഭോക്താക്കളാകും.
ജർമ്മൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബോഹ്രിംഗർ ഇംഗൽഹൈമിന്റെ പേറ്റന്റ് ഇന്നു തീരുന്നതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉല്‍പാദനം സാധ്യമാകുന്നത്. മാന്‍കൈന്‍ഡ് ഫാര്‍മ, ടൊറന്റ്, ആല്‍ക്കെം, ഡോ.റെഡ്ഡീസ്, ലൂപിന്‍ തുടങ്ങിയവയാണ് ഈ മരുന്നു പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍നിര കമ്പനികള്‍.
എംപാഗ്ലിഫ്‌ലോസിന്‍ വിപണിയുടെ മൂല്യം 640 കോടി രൂപയാണ്. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ആശുപത്രിവാസം കുറക്കുന്നതിനും, വൃക്കരോഗം മൂര്‍ഛിക്കാതിരിക്കാനും, പ്രമേഹ രോഗികളിലും പ്രമേഹമില്ലാത്തവരിലും അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കുന്നു.
10.1 കോടിയിലധികം പ്രമേഹ രോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് 2023 ലെ ഐ.സി.എം.ആര്‍ പഠനം വ്യക്തമാക്കുന്നത്. 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി. മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ പ്രമേഹ രോഗികളുടെ മരുന്ന് ചെലവ് കുറക്കും.
