Business

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് കാറിന് വില കൂടി

എംജി മോട്ടോർ ഇന്ത്യ കോമറ്റ് ഇ വിയുടെ വില വർദ്ധിപ്പിച്ചു. വാഹനത്തിന്‍റെ വില കമ്പനി 3.36 ശതമാനത്തോളം വർധിപ്പിച്ചു. അങ്ങനെ കോമറ്റ് ഇവിയുടെ വില നിലവിൽ 32,000 രൂപയോളം കൂടി എന്നാണ് റിപ്പോർട്ടുകൾ. ബേസ് വേരിയന്‍റിന് 1000 രൂപയോളമാണ് കൂടിയത്.  അടുത്തിടെ എംജി ബാസ് പ്ലാനിനൊപ്പം 4.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ കോമറ്റ് പുറത്തിറക്കിയിരുന്നു  ഈ വിലയ്ക്ക് വാഹനം വാങ്ങിയ ശേഷം, കിലോമീറ്ററിന് 2.5 രൂപ ബാറ്ററി വാടക നൽകേണ്ടി വരും. അതായത് ഈ പുതിയ സ്‍കീം കാരണം ഈ വാഹനത്തിൻ്റെ വില ഇത്രയും കുറഞ്ഞു. ഇനി നിങ്ങൾക്ക് ബാറ്ററി വാടകയ്‌ക്കെടുക്കുന്ന ഈ ഓപ്ഷനിൽ താൽപ്പര്യമില്ലെങ്കിലും ഈ കാർ വാങ്ങാം. പക്ഷേ അപ്പോൾ ഈ വാഹനത്തിൻ്റെ പ്രാരംഭ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 6.99 ലക്ഷം രൂപ മുതലായിരിക്കും എന്നുമാത്രം.  എംജി കോമറ്റ് ഇവിക്ക് 17.3kWh ബാറ്ററി പായ്ക്ക് ഉണ്ട്. അത് ഒറ്റ ചാർജിൽ 230 കിലോമീറ്റർ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. കാറിൽ സ്ഥാപിച്ചിട്ടുള്ള ഇലക്ട്രിക് മോട്ടോറിന് പരമാവധി 42 ബിഎച്ച്പി കരുത്തും 110 എൻഎം പരമാവധി ടോർക്കും സൃഷ്‍ടിക്കാൻ കഴിയും. ഈ ഇലക്ട്രിക് കാർ 3.3kWh ചാർജർ ഉപയോഗിച്ച് പൂർണ്ണമായി ചാർജ് ചെയ്യാൻ ഏഴ് മണിക്കൂർ എടുക്കും. നിലവിൽ, എംജി കോമറ്റ് ഇവി ഇന്ത്യൻ ഉപഭോക്താക്കൾക്ക് മൂന്ന് വേരിയൻ്റുകളിലും അഞ്ച് കളർ ഓപ്ഷനുകളിലും ലഭ്യമാണ്. എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവ ഈ ഇലക്ട്രിക് കാറിലെ സവിശേഷതകളിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ, 55 ൽ അധികം കണക്റ്റഡ് കാർ ഫീച്ചറുകൾ, സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസർ, റിവേഴ്സ് പാർക്കിംഗ് ക്യാമറ എന്നിവയും ഈ ഇവിയിൽ ഉണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button