
കോഴിക്കോട്: താമരശ്ശേരി പുതുപ്പാടിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നേരത്തെയും വധശ്രമം നടന്നിരുന്നതായി പൊലീസ്. പ്രതി ആഷിഖ് ഉമ്മ സുബൈദയെ കൊല്ലുമെന്ന് പലരോടും പറഞ്ഞിരുന്നതായും അതിനായി ശ്രമിച്ചിരുന്നതായും താമരശ്ശേരി ഇന്‍സ്‌പെക്ടര്‍ സായൂജ് കുമാര്‍ വ്യക്തമാക്കി. സ്വത്ത് എഴുതി നാല്‍കാന്‍ നിരവധി തവണ ആവശ്യപ്പെട്ട യുവാവ് പലപ്പോഴായി പണവും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അതിന് തയ്യാറാവാതിരുന്നത് വൈരാഗ്യത്തിന് കാരണമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. അര്‍ബുദ രോഗിയായ സുബൈദയെ മകന്‍ ആഷിഖ് വെട്ടുകത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സഹോദരി ഷക്കീലയുടെ വീട്ടിലാണ് സുബൈദ താമസിച്ചിരുന്നത്. ഷക്കീല വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കൊലപാതകം നടന്നത്. സമീപവാസിയുടെ വീട്ടില്‍ നിന്നും തേങ്ങ പൊതിക്കാനാണെന്ന് പറഞ്ഞ് വാങ്ങിയ വെട്ടുകത്തി ഉപയോഗിച്ചാണ് ക്രൂരകൃത്യം നടത്തിയത്. കഴുത്തിനും മുഖത്തും ആഴത്തിലുള്ള വെട്ടേറ്റ സുബൈദയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെംഗളൂരുവിലായിരുന്ന ആഷിഖ് ഒരാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് കൂട്ടുകാരോടൊപ്പം താമസിച്ച ശേഷം കഴിഞ്ഞ ദിവസമാണ് വീട്ടില്‍ എത്തിയത്. പിന്നാലെ കൊലപാതകം നടത്തുകയായിരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ആഷിഖ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. ലഹരിക്ക് അടിമയായതിന് പിന്നാലെ വീട്ടിലെത്തി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. പ്രശ്‌നം രൂക്ഷമായതിനെ തുടര്‍ന്ന് ഒരു തവണ നാട്ടുകാര്‍ തന്നെ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പിന്നീട് ഡിഅഡിക്ഷന്‍ സെന്ററുകളിലും പ്രവേശിപ്പിച്ചിരുന്നു. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നല്‍കിയതെന്നാണ് ഇയാള്‍ കൊലപാതക ശേഷം നാട്ടുകാരോട് പ്രതികരിച്ചത്. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.
