എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ച വിദ്യാർത്ഥി ഞെട്ടി, ബാലൻസ് 87.65 കോടി! ‘കോടിപതി’യായത് 5 മണിക്കൂർ മാത്രം
മുസാഫർപൂർ: എടിഎമ്മിൽ നിന്ന് 500 രൂപ പിൻവലിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി തന്റെ ബാലൻസ് കണ്ട് ഞെട്ടിപ്പോയി. അക്കൌണ്ടിൽ ബാക്കിയുള്ളതായി എടിഎം മെഷീന്റെ സ്ക്രീനിൽ തെളിഞ്ഞത് 87.65 കോടി രൂപയാണ്. എന്നാൽ വിദ്യാർത്ഥി കോടിപതിയായി തുടർന്നത് വെറും അഞ്ച് മണിക്കൂർ മാത്രമാണ്. അതിനു ശേഷം ആ ഭീമമായ തുക എങ്ങോട്ടോ അപ്രത്യക്ഷമായി. ബിഹാറിലെ മുസാഫർപൂരിലാണ് സംഭവം. പ്രദേശത്തെ സൈബർ കഫേയിൽ പോകുന്നതിനായാണ് വിദ്യാർത്ഥി നോർത്ത് ബിഹാർ ഗ്രാമീണ്‍ ബാങ്ക് അക്കൗണ്ടിൽ നിന്ന് 500 രൂപ പിൻവലിച്ചത്. ബാലൻസ് കണ്ട് വിദ്യാർത്ഥി അമ്പരന്നുപോയി. എന്തോ പിശക് സംഭവിച്ചതാണെന്നാണ് വിദ്യാർത്ഥി ആദ്യം കരുതിയത്. വീണ്ടും വീണ്ടും അക്കൌണ്ട് ബാലൻസ് പരിശോധിച്ചപ്പോഴും 87.65 കോടി എന്നുതന്നെ കണ്ടു. ഇതോടെ വിദ്യാർത്ഥി സൈബർ കഫേ ഉടമയോട് കാര്യം പറഞ്ഞു. സൈബർ കഫേ ഉടമയും പല തവണ നോക്കിയിട്ടും വിദ്യാർത്ഥിയുടെ അക്കൌണ്ടിൽ കോടികൾ കണ്ടു. ആകെ ആശയക്കുഴപ്പത്തിലായി കുട്ടി വീട്ടിൽച്ചെന്ന് അമ്മയോട് വിവരം പറഞ്ഞു. തുടർന്ന് അമ്മ അയൽവാസിയെ അറിയിച്ചു. തുടർന്ന് ബാങ്കിൽ പോയി സ്റ്റേറ്റ്മെന്റ് എടുക്കാൻ തീരുമാനിച്ചു. അപ്പോൾ ശരിക്കുള്ള ബാലൻസായ 532 രൂപ തന്നെയാണ് കാണിച്ചത്. അതായത് അഞ്ച് മണിക്കൂർ കൊണ്ട് എവിടെ നിന്നോ വന്ന ഭീമമായ തുക എങ്ങോട്ടോ അപ്രത്യക്ഷമായി. കുട്ടിയുടെ കുടുംബം നൽകിയ പരാതി പ്രകാരം അക്കൗണ്ട് മരവിപ്പിച്ചു. എങ്ങനെയാണ് ഇത്രയും വലിയ തുക കുട്ടിയുടെ അക്കൗണ്ടിലേക്ക് തെറ്റായി വന്നതെന്ന് കണ്ടെത്താൻ നോർത്ത് ബിഹാർ ഗ്രാമീണ്‍ ബാങ്ക് ആഭ്യന്തര അന്വേഷണം ആരംഭിച്ചു. എങ്ങനെയാണ് പിഴവ് സംഭവിച്ചതെന്ന വിശദീകരണം ബാങ്ക് അധികൃതർ ഇതുവരെ നൽകിയിട്ടില്ല. അതേസമയം സൈബർ തട്ടിപ്പിനായി ബാങ്ക് അക്കൌണ്ടുകൾ ദുരുപയോഗം ചെയ്യപ്പെടന്ന സംഭവങ്ങൾ അസാധാരണമല്ലെന്ന് സൈബർ ഡിഎസ്പി സീമാ ദേവി പറഞ്ഞു. തട്ടിപ്പുകാർ വിദ്യാർത്ഥി അറിയാതെ അവന്റെ അക്കൗണ്ട് കുറച്ച് സമയത്തേക്ക് ദുരുപയോഗം ചെയ്തതാവാം. എന്നിട്ട് ആ പണം മറ്റ് അക്കൌണ്ടുകളിലേക്ക് മാറ്റിയതാവും എന്നാണ് പൊലീസിന്റെ നിഗമനം.