Kerala
കാട്ടുപന്നി കുതിച്ചെത്തി സ്കൂട്ടര്‍ ഇടിച്ച് മറിച്ചിട്ടു; യാത്രക്കാരായ രണ്ടുപേര്‍ക്ക് മുഖത്തും കാലിനും പരിക്ക്

തിരുവനന്തപുരം: വെള്ളനാടിന് സമീപം കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികർക്ക് പരിക്ക്. കാട്ടുപന്നി ഇടിച്ചതിനെ തുടർന്ന് റോഡിൽ വീണാണ് സ്കൂട്ടർ യാത്രികരായ രണ്ട് പേർക്ക് പരുക്കേറ്റത്. വെളിയന്നൂർ പ്ലാവിള വീട്ടിൽ സോമൻ (57), സമീപവാസി പ്രസന്നൻ (47) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. വെള്ളിയാഴ്‌ച വൈകിട്ട് മൂന്ന് മണിയോടെ വെളിയന്നൂർ റേഷൻ കടയ്ക്ക് സമീപമായിരുന്നു അപകടമുണ്ടായത്. വീട്ടിൽ നിന്ന് വെളിയന്നൂർ റേഡിയോ പാർക്കിന് എതിർവശത്തെ കട തുറക്കാൻ പോകുകയായിരുന്നു സോമൻ. ഒപ്പം കൂടിയതായിരുന്നു പ്രസന്നൻ. സമീപത്തെ പുരയിടത്തിൽ നിന്നുമെത്തിയ കാട്ടുപന്നി ഇവർ സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് മറിച്ചിടുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. ഇരുവർക്കും കൈ കാലുകളിലും മുഖത്തും പരുക്കേറ്റിട്ടുണ്ട്.
