യുവതി ധരിച്ചത് 11പവന്റെ താലിമാല, പിടിച്ചെടുത്ത് കസ്റ്റംസ്, നിർത്തിപ്പൊരിച്ച് കോടതി, അച്ചടക്ക നടപടിക്ക് ഉത്തരവ്

ചെന്നൈ: യുവതി ധരിച്ചത് 11 പവന്റെ താലിമാല. ബാഗേജ് നിയമം പറഞ്ഞ് ഊരിവപ്പിച്ച കസ്റ്റംസിനെ നിർത്തിപ്പൊരിച്ച് മദ്രാസ് ഹൈക്കോടതി. ശ്രീലങ്കൻ സ്വദേശിയായ യുവതിയിൽ നിന്ന് താലിമാല അടക്കമുള്ള സ്വർണം പിടിച്ചുവച്ചതിനാണ് മദ്രാസ് ഹൈക്കോടതി കസ്റ്റംസിനെ രൂക്ഷമായി ശകാരിച്ചത്. അപമര്യാദപരമായ പെരുമാറ്റത്തിൽ താലിമാല അടക്കം പിടിച്ചുവച്ച ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2023 ഡിസംബർ 30നാണ് കേസിന് ആസ്പദമായ സംഭവങ്ങളുണ്ടാവുന്നത്. ഭർതൃ മാതാവിനും ഭർതൃ സഹോദരിക്കും ഒപ്പമാണ് ശ്രീലങ്കൻ സ്വദേശിയായ താനുഷിക ചെന്നൈയിൽ വിവാഹ ശേഷം എത്തുന്നത്. ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ യുവതിയെ 12 മണിക്കൂറോളമാണ് തടഞ്ഞുവച്ചത്. 11 പവന്റെ താലിമാല അടക്കം 288 ഗ്രാം സ്വർണമാണ് കസ്റ്റംസ് യുവതിയിൽ നിന്ന് പിടിച്ച് വച്ചത്. ഇതിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. ഗ്രീൻ ചാനലിലൂടെ കള്ളക്കടത്തിനുള്ള ശ്രമം തടയുകയാണ് ചെയ്തതെന്ന കസ്റ്റംസ് വാദം കോടതി തള്ളി. സത്യവാങ്മൂലം നൽകാതെ വിദേശ പൌരന്മാർക്ക് അളവിൽ കൂടിയ സ്വർണം കൊണ്ടുപോകാനാവില്ലെന്നായിരുന്നു 1962ലെ കസ്റ്റംസ് ആക്ട് അനുസരിച്ച് ഉദ്യോഗസ്ഥർ വിശദമാക്കിയത്. ഈ വാദം ജസ്റ്റിസ് കൃഷ്ണൻ രാമസ്വാമിയുടെ സിംഗിൾ ബെഞ്ച് തള്ളി. വിവാഹിതരായ സ്ത്രീകൾ സംസ്കാരിക ശൈലി അനുസരിച്ച് തൂക്കം കൂടിയ സ്വർണാഭരണങ്ങൾ ധരിക്കുന്നത് പതിവാണെന്നും ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ രാജ്യത്തെ എല്ലാ മതങ്ങളുടെയും ആചാരങ്ങൾ മാനിക്കണമെന്നും കോടതി വിശദമാക്കി. ടേക്ക് ഓഫിന് പിന്നാലെ വിമാനം റഡാറിൽ നിന്ന് കാണാതായി, പിന്നെ കണ്ടത് ദേശീയപാതയിൽ ബസിലേക്ക് ഇടിച്ച് കയറുന്നത് ആഭരണം പിടിച്ച് വച്ച കസ്റ്റംസ് ഉദ്യോഗസ്ഥയായ എസ് മൈഥിലിക്കെതിരെ അച്ചടക്ക നടപടി ഉടൻ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ഏഴ് ദിവസത്തിനുള്ളിൽ സ്വർണം തിരികെ നൽകാനുമാണ് കോടതി വിശദമാക്കിയിട്ടുള്ളത്.
