CrimeNational

യുവഡോക്ടറുടെ ബലാത്സംഗ കൊലപാതക കേസിൽ വധശിക്ഷയില്ല; പരസ്പരം കുറ്റപ്പെടുത്തി മമതയും ബിജെപിയും

കൊൽക്കത്ത: യുവഡോക്ടറുടെ കൊലപാതക കേസിൽ പ്രതിക്ക് വധശിക്ഷ കിട്ടാത്തതിൽ രാഷ്ട്രീയ വിവാദം മുറുകുന്നു. സംസ്ഥാന പൊലീസിൽ നിന്ന് സിബിഐ കേസ് തട്ടിയെടുത്തതിനാലാണ് പ്രതിക്ക് വധശിക്ഷ കിട്ടാത്തതെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. തെളിവ് നശിപ്പിച്ച് കുറ്റവാളികളെ സംരക്ഷിച്ചതിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പശ്ചിമ ബം​ഗാൾ ഇപ്പോഴും സ്ത്രീ സുരക്ഷയിൽ വളരെ പിന്നിലാണെന്ന് ​ഗവർണർ സി വി ആനന്ദ ബോസ് വിമ‍ർശിച്ചു. രാജ്യവ്യാപകമായി പ്രതിഷേധമുയർന്ന കേസിൽ പ്രതി ക്രൂരകൃത്യം ചെയ്തുവെന്നതിന് വ്യക്തമായ തെളിവുണ്ടായിരുന്നു. സഞ്ജയ് റോയിക്ക് വധശിക്ഷ ലഭിക്കുമെന്നായിരുന്നു കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളുടെയും സമരം ചെയ്ത ഡോക്ടർമാരുടെ സംഘടനകളുടെയും പ്രതീക്ഷ. ജീവപര്യന്തം ശിക്ഷയെന്ന വിചാരണ കോടതി വിധി വന്നതിന് പിന്നാലെ രാഷ്ട്രീയ പോരും തുടങ്ങി.  ഹൈക്കോടതി ഇടപെടലിലൂടെ കേസ് സിബിഐ ഏറ്റെടുത്തത് പശ്ചിമ ബംഗാൾ സർക്കാറിന് തിരിച്ചടിയായിരുന്നു. ബം​ഗാൾ പോലീസ് അറസ്റ്റ് ചെയ്ത പ്രതി സഞ്ജയ് റോയി തന്നെയാണ് പ്രതിയെന്നാണ് സിബിഐയും കണ്ടെത്തിയത്. പൊലീസ് അന്വേഷണം തുടർന്നിരുന്നെങ്കിൽ വധശിക്ഷ വാങ്ങി കൊടുക്കുമായിരുന്നു എന്നാണ് സംസ്ഥന സർക്കാരിൻറെ ഇപ്പോഴത്തെ വാദം. ജനരോഷം കേന്ദ്ര സർക്കാരിനെതിരെ തിരിക്കാനാണ് മമത ബാനർജിയുടെ നീക്കം.  ആഗസ്റ്റ് 15 ന് രാത്രി ആർജി കർ ആശുപത്രിയും സമര വേദിയും അടിച്ചു തകർത്തത് ടിഎംസി പ്രവർത്തകരുൾപ്പെടുന്ന സംഘമായിരുന്നു. തെളിവ് നശിപ്പിച്ചതിൽ മുഖ്യമന്ത്രിയുടെയും അന്നത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.  ആരോ​ഗ്യ പ്രവർത്തകരുടെ സംഘടനകളും വിചാരണ കോടതി വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ്. കൊലപാതകത്തിന് പിന്നാലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഉയ‍‌ർന്ന പ്രതിഷേധം ഇപ്പോഴും കൊൽക്കത്തയിൽ അവസാനിച്ചിട്ടില്ല. വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രതിഷേധം ഇനിയും ശക്തമായേക്കും. വധശിക്ഷ നൽണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് ജൂനിയ‍ർ ഡോക്ട‍ർമാരുടെ സംഘടന അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button