ഈ ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കും ; ഡയറ്റില്‍ ശ്രദ്ധിക്കാം

ആഗ്രഹിച്ചു കഴിക്കുന്ന ചില ഭക്ഷണങ്ങളില്‍ നിന്നും പണി കിട്ടിയിട്ടില്ലേ ? ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രബിള്‍, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കും. നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.
ചോക്ലേറ്റ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ വളരെ കുറവായിരിക്കും. എന്നാല്‍ ചോക്ലേറ്റ് കഴിക്കുന്നത് ചിലപ്പോളൊക്കെ നെഞ്ചെരിച്ചിലിന് കാരണമാകും. ഇതിലുള്ള കൊക്കോ, കഫീന്‍ തുടങ്ങിയ ഘടകങ്ങള്‍ ആസിഡ് റിഫ്ലക്സിന് കാരണമാകും. അതിനാല്‍ ചോക്ലേറ്റിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. പ്രത്യേകിച്ചും വെറും വയറ്റില്‍ കഴിക്കുന്നത് ഒഴിവാക്കുക. തക്കാളി കഴിക്കുമ്പോഴും ഈ പ്രശ്നമുള്ളവരുണ്ട്. അതിനാല്‍ തക്കാളിയുടെ അമിത ഉപയോഗം കുറയ്ക്കുന്നത് നല്ലതാണ്.
എരിവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നവരിൽ പതിവായി നെഞ്ചെരിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത്തരം ഭക്ഷണങ്ങള്‍ നെഞ്ചെരിച്ചിലും ആസിഡ് റിഫ്ലക്സും ഉണ്ടാക്കും. മുളകിലും മറ്റ് മസാലകളിലും കാണപ്പെടുന്ന ചില രാസസംയുക്തങ്ങളാണ് നെഞ്ചെരിച്ചിലിന് കാരണമാകുന്നത്. അതിനാല്‍ എരിവേറിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് നല്ലതായിരിക്കും.
ഉരുളക്കിഴങ്ങ്, ബീന്‍സ് എന്നിവയും അസിഡിറ്റി ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ്. ചിലരില്‍ കാപ്പി, പാല്, ചായ, വെണ്ണ എന്നിവ അസിഡിറ്റിക്ക് കാരണമാകും. കഫീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.
ഓറഞ്ച്, നാരങ്ങ, മുന്തിരി പോലെയുള്ള സിട്രസ് പഴങ്ങളും അസിഡിറ്റിക്ക് കാരണമാകും. ഇവ വെറും വയറ്റില്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ഉള്ളി, സവാള, വെളുത്തുള്ളി തുടങ്ങിയവയുടെ അമിത ഉപയോഗവും ചിലരില്‍ നെഞ്ചെരിച്ചിലും അസിഡിറ്റിയും ഉണ്ടാക്കും.
എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവയും പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കാം. പകരം ഫൈബര്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കാം.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില്‍
മാറ്റം വരുത്തുക).
