Health Tips

സ്ത്രീകളിലെ അര്‍ബുദ സാധ്യത കുറയ്ക്കാനായി പിന്തുടരാം ഇക്കാര്യങ്ങൾ

ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് ക്യാൻസർ. ആഗോളതലത്തിൽ ക്യാൻസറിന്റെ കണക്കുകൾ നോക്കുകയാണെങ്കിൽ ഒരു ദശലക്ഷം കുട്ടികളാണ് ഒരു വർഷത്തിൽ അമ്മയില്ലാത്തവരായി മാറുന്നത്. സ്തനാർബുദമാണ് ക്യാൻസറുകളുടെ പട്ടികയിൽ 11.6 ശതമാനവുമായി രണ്ടാമത് നിൽക്കുന്നത്. 12.4 ശതമാനവുമായി ശ്വാസകോശ ക്യാൻസർ ഒന്നാമതാണ്.  സ്തനാർബുദത്തിന്റെ വ്യാപ്തി എത്രയാണെന്ന് ഇതിൽ തന്നെ മനസ്സിലാക്കാം. ക്യാൻസർ ബാധിച്ച മുഴുവൻ സ്ത്രീകളെയും എടുക്കുകയാണെങ്കിൽ സ്തനാർബുദബാധിതർ 35- 40% ആണ്. ആഗോളതലത്തിൽ കുടൽ/മലാശയ ക്യാൻസർ നിരക്ക് 9.6% ആണ്. പ്രോസ്റ്റേറ്റ് 7.3, ആമാശയം 4.9, കരൾ 4.3, തൈറോയ്ഡ് 4.1, ഗർഭാശയഗളം 3.3, ഗർഭാശയം 2.1, അണ്ഡാശയം 1.6 എന്നിങ്ങനെയാണ് നിരക്ക്. ഇതേസമയം കേരളത്തിൽ ഗർഭാശയ, ഗർഭാശയഗള, അണ്ഡാശയ കാൻസറുകളുടെ നിരക്ക് ഏകദേശം ഒരുപോലെയാണ്, 6-8/100000. ചൈനയിലെ ക്യാൻസർ നിരക്കിൽ ശ്വാസകോശ, വൻ കുടൽ-മലാശയ ക്യാൻസറുകളും കഴിഞ്ഞാണ് സ്താനാർബുദം. ഇന്ത്യയിൽ സ്താനാർബുദ നിരക്ക് മറ്റു രണ്ടിനേക്കാൾ മുന്നിലാണ്. ഗർഭാശയ ക്യാൻസർ ഇടവിട്ട് ഇടവിട്ടുള്ള രക്തസ്രാവം, ബന്ധപ്പെട്ട ശേഷമുള്ള രക്തസ്രാവം, ദുർഗന്ധമുള്ള ഡിസ്ചാർജ് തുടങ്ങിയവയാണ് ഗർഭാശയ ക്യാൻസർ ലക്ഷണങ്ങൾ. ലക്ഷണങ്ങൾ കാത്തിരിക്കാതെ വാക്സിനേഷനും സ്‌ക്രീനിംഗ് പരിശോധനകളും ചെയ്ത് ക്യാൻസറിനെ പ്രതിരോധിക്കാനും ഉന്മൂലനം ചെയ്യാനുമുള്ള പദ്ധതികൾ ആരോഗ്യമേഖലയിൽ ഉണ്ടാവേണ്ടത് പ്രധാനമാണ്.   ഏറ്റവും ഫലപ്രദമായ പ്രൈമറി ആൻഡ് സെക്കൻഡറി പ്രിവൻഷൻ ഉള്ള ക്യാൻസറാണ് ഗർഭാശയഗള (cervical cancer) ക്യാൻസർ. വാക്സിനേഷൻ  ഇതിന് ഏറ്റവും ഫലപ്രദമായ പ്രതിരോധമാർഗമാണ്. 98% ഗർഭാശയഗള ക്യാൻസറുകളുടെയും കാരണം എച്ച്പിവി എന്ന വൈറസ്  അണുബാധയാണെന്ന്  പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എച്ച്പിവി ഒരുപാട് തരത്തിൽ ഉണ്ടെങ്കിലും 15 ഓളം തരത്തിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽപെട്ട എച്ച്പിവി അണുക്കൾ ആണ് ക്യാൻസറുകൾ ഉണ്ടാക്കുന്നത്. ഈ അണുബാധ ഉന്മൂലനം ചെയ്യാൻ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് സാധിക്കാത്തപ്പോഴാണ് അണുക്കൾ കോശങ്ങളെ കീഴടക്കുകയും കോശങ്ങൾക്ക് ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നത്. ഈ കോശങ്ങളുടെ വളർച്ച പിന്നീട് ത്വരിതപ്പെടുകയും ക്യാൻസറിലേക്കുള്ള പ്രയാണം ആരംഭിക്കുകയും ചെയ്യുന്നു. ഈ ഘട്ടം പ്രീ ക്യാൻസർ സ്റ്റേജ് എന്നു പറയുന്നു. ഒന്ന്, രണ്ട്, മൂന്ന് എന്നീ പ്രീ ക്യാൻസർ സ്റ്റേജുകളിൽ കൂടെ കടന്നു വേണം ക്യാൻസറിലേക്ക് പ്രവേശിക്കാൻ. പ്രീ ക്യാൻസറസ് സ്റ്റേജ് ഒന്നിൽ (സിഐഎൻ I) വരെ ഈ അണുക്കളെ പുറത്തേക്ക് തള്ളാൻ രോഗപ്രതിരോധ ശക്തിക്കും വാക്സിനും സാധിക്കും. സിഐഎൻ II, III  സ്റ്റേജുകളിലും ക്യാൻസർ ആയാലും അസുഖം കൂടാതിരിക്കാനും പിന്നീട് വരാതിരിക്കാനും വാക്സിനേഷനിലൂടെ സാധിക്കും എന്നതാണ് പല പഠനങ്ങളും കാണിക്കുന്നത്. വാക്സിനേഷൻ  വാക്സിനേഷൻ എടുക്കാനുള്ള  പ്രായം 10 മുതൽ 26 വരെ ആണ്.  45 വയസ്സ് വരെ ഈ വാക്സിൻ എടുക്കാൻ കഴിയും.  മൂന്നു കുത്തിവെപ്പുകൾ ആണ് സാധാരണ നിർദ്ദേശിച്ചിട്ടുള്ളത്. 15 വയസ്സിന് താഴെ രണ്ട് വാക്സിനേഷൻ മതിയാകും. 30 വയസ്സിന് താഴെ പ്രായമുള്ളവർക്ക് എച്ച് പി വി ഡിഎൻഎ ടെസ്റ്റ് ചെയ്യാതെ തന്നെ വാക്സിനേഷൻ എടുക്കാം.  വേറെ ഏതൊക്കെ കാൻസറുകൾ ഈ വാക്സിൻ കൊണ്ട് തടയാം? യോനി ക്യാൻസർ, 50-60% വായിലെ കാൻസറുകൾ, 50% പുരുഷലിംഗർബുദം, 80% മലാശയ കാൻസറുകൾ എന്നിവയും ഈ വാക്സിൻ കൊണ്ട് തടയാം. സെക്കൻഡറി പ്രിവൻഷൻ ഗർഭാശയഗള ക്യാൻസർ പ്രാഥമിക ഘട്ടത്തിലോ പൂർവ്വഘട്ടത്തിലോ കണ്ടുപിടിച്ചാൽ രോഗം പൂർണമായി  ഭേദമാകാനുള്ള സാധ്യത 98 ശതമാനത്തിൽ കൂടുതലാണ്. ഈ ഘട്ടത്തിൽ കണ്ടുപിടിക്കാൻ ഉപയോഗിക്കുന്ന ടെസ്റ്റുകൾക്ക്  സ്ക്രീനിംഗ് ടെസ്റ്റുകൾ എന്നാണ് പറയുന്നത്. സെർവിക്കൽ ക്യാൻസർ അഥവാ ഗർഭാശയഗള ക്യാൻസറിന്റെ സ്ക്രീനിങ് പരിശോധനകൾ ആയ പാപ് സ്മിയറും  എച്ച്പിവി ഡിഎൻഎ ടെസ്റ്റിംഗും  ക്യാൻസർ സ്ക്രീനിങ് ടെസ്റ്റുകളുടെ വിജയസാധ്യതയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നവയാണ്. രണ്ടു പരിശോധനകളും ഒരുമിച്ചു ചെയ്യാം. ഒരു ടെസ്റ്റ് മാത്രമേ ചെയ്യുന്നുള്ളൂവെങ്കിൽ അത് എച്ച്പിവി ടെസ്റ്റ് ആണ് നല്ലത്. ഈ പരിശോധന കൊണ്ട് അടുത്ത അഞ്ചുവർഷത്തിൽ ക്യാൻസർ വരാനുള്ള സാധ്യതയുണ്ടോ എന്ന് അറിയാം. ഓരോ 5 വർഷത്തിൽ ആണ് എച്ച്പിവി ടെസ്റ്റ് ചെയ്യേണ്ടത്. 2030 ആകുമ്പോഴേക്കും ഗർഭാശയഗള ക്യാൻസർ ആഗോളമായി ഉന്മൂലനം ചെയ്യാനാണ് ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം. ‘ട്രിപ്പിൾ പില്ലർ സ്ട്രാറ്റജി’യാണ് ഇതിനുവേണ്ടി മുന്നോട്ടുവച്ചിട്ടുള്ളത്. വാക്സിനേഷനിൽ 90% വിജയം ഉറപ്പുവരുത്തുക, 70% സ്ത്രീകളിലും സ്ക്രീനിങ് പരിശോധന നടത്തി രോഗം കണ്ടുപിടിക്കുക, മുൻകൂർ പരിശോധനയിലൂടെ കണ്ടുപിടിക്കുന്ന ക്യാൻസറുകൾ  90% ചികിത്സിക്കുക എന്നിവയാണ് കർമ്മപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്.  സ്തനാർബുദ സ്ക്രീനിംഗ് പരിശോധനകൾ  സ്തനം സ്വയം പരിശോധന  സ്വയം പരിശോധനയിലൂടെ അവനവന്റെ സ്തനത്തിന്റെ  ഘടന എന്താണെന്ന് അറിയുന്നതാണ് ഇത്. ഇതിൽ എന്തെങ്കിലും വ്യതിയാനം വരികയാണെങ്കിൽ ഒരു വിദഗ്ധ ഡോക്ടറെ സമീപിക്കണം. വിരലുകൾ ഒന്നിച്ചു വെച്ച് അതിലെ പ്രതലം കൊണ്ടാണ് സ്തനത്തിൽ മുഴകളോ മറ്റോ ഉണ്ടോയെന്ന് സ്വയം പരിശോധിക്കേണ്ടത്. സ്തനത്തിന്റെ നടുഭാഗത്തുനിന്നും പുറത്തേക്കോ മുകളിൽ നിന്ന് താഴോട്ടും തിരിച്ചും ചെയ്യാം. മാസമുറ തുടങ്ങി 8-20 ദിവസത്തിനുള്ളിൽ സ്വയം പരിശോധന ചെയ്യുന്നതാണ് നല്ലത്. ഫിസിഷ്യൻ പരിശോധനയിലും ഇപ്രകാരമാണ് ചെയ്യുന്നത്.  ടെസ്റ്റുകൾ  റേഡിയോ മാമോഗ്രാം 40 വയസ്സ് മുതൽ നിർദ്ദേശിച്ചിട്ടുണ്ട്.    45- 55 വയസ്സിനിടയിലുള്ളവർ `എല്ലാവർഷവും ടെസ്റ്റ് നടത്തേണ്ടതാണ്.   40-45 വയസ്സിനിടയിലുള്ളവരും  55 വയസ്സിന് മുകളിലുള്ളവരും രണ്ടുവർഷത്തിലൊരിക്കൽ  ടെസ്റ്റ് ചെയ്യേണ്ടതാണ്. ഇതിൻറെ ഇട വർഷങ്ങളിൽ അൾട്രാസൗണ്ട്, ബ്രസ്റ്റ് (സോണോ മാമോഗ്രാം) ചെയ്യുന്നതും അഭികാമ്യമാണ്. കുടുംബ ചരിത്രം ഉള്ളവർ ഒരു സ്പെഷ്യലിസ്റ്റ് ഓങ്കോളജി ഡോക്ടറിനെ കണ്ട് അവരുടെ സ്ക്രീനിംഗ് പരിശോധനകളും പ്രതിരോധത്തിന് വേണ്ടിയുള്ള മാർഗങ്ങളും  ജനറ്റിക് ടെസ്റ്റുകളും ചർച്ച ചെയ്തു തീരുമാനിക്കണം. 40 വയസ്സിന് താഴെയുള്ളവരിൽ ആദ്യപരിശോധനയായി സോണോമാമോഗ്രമാണ് ചെയ്യേണ്ടത്. എംആർ മാമ്മോഗ്രാം ഏറ്റവും ഫലപ്രാപ്തി തരുന്ന സ്കാനാണ്.  എംആർ മാമ്മോഗ്രാം എപ്പോഴാണ് ചെയ്യേണ്ടത്? * 40 വയസ്സിൽ താഴെ അൾട്രാസൗണ്ട് പോര എന്ന് തോന്നുകയാണെങ്കിൽ.  * ബിആർസിഎ ടെസ്റ്റ് പോസിറ്റീവ് ആയിട്ടുണ്ടെങ്കിൽ (എല്ലാവർഷവും). * ബിആർസി ടെസ്റ്റ് നെഗറ്റീവ് ആണെങ്കിലും കുടുംബ ചരിത്രം ഉള്ളവർ ( രണ്ടു വർഷത്തിലൊരിക്കൽ).  * നെഞ്ചിൽ റേഡിയേഷൻ ചെയ്ത ചരിത്രമുള്ളവർ.  ആരൊക്കെ ജനറ്റിക് ടെസ്റ്റിന് വിധേയരാകണം ? ട്രിപ്പിൾ നെഗറ്റീവ് ബ്രസ്റ്റ് ക്യാൻസർ ഉള്ളവർ, സ്തനാർബുദം 50 വയസ്സിനു മുൻപ് വന്നിട്ടുള്ളവർ, സ്തനാർബുദം അണ്ഡാശ ക്യാൻസറും വന്നിട്ടുള്ളവർ, സ്തനാർബുദവും അണ്ഡാശ ക്യാൻസറും രക്തബന്ധത്തിൽ ഉള്ളവർ, കുടുംബത്തിലെ പുരുഷന്മാർക്ക് സ്തനാർബുദം വന്നിട്ടുള്ളവർ, കുടൽ-ഗർഭാശയ ക്യാൻസറുകളുടെ ചരിത്രം സ്വന്തമായോ കുടുംബത്തിലോ ഉള്ളവർ, ക്യാൻസർ ജീൻ പോസിറ്റീവായി ഉള്ളവരുടെ രക്ത ബന്ധത്തിൽ ഉള്ളവർ, രണ്ട് ബ്രെസ്റ്റിലും ക്യാൻസർ വന്നിട്ടുള്ളവർ, ഒന്നിൽ കൂടുതൽ രക്ത ബന്ധുക്കൾക്ക് സ്തനം, അണ്ഡാശയം, പാൻക്രിയാസ്, പ്രോസ്റ്റേറ്റ് ക്യാൻസറുകൾ വന്നിട്ടുള്ളവർ ജനറ്റിക് ടെസ്റ്റിന് വിധേയരാകണം. ബ്രസ്റ്റ് ഓവേറിയൻ ക്യാൻസറിന് ടി പി 53 ജീൻ ഉൾപ്പെടെ 15 ജീനുകൾ ടെസ്റ്റ് ചെയ്യണം. ജനറ്റിക് ടെസ്റ്റിന് മുൻപും അത് കഴിഞ്ഞും കൗൺസിലിംഗ് ആവശ്യമാണ്. കുടുംബ പശ്ചാത്തലം ഇല്ലാത്ത സ്ത്രീകൾക്ക് ഗർഭാശയ അണ്ഡാശയ ക്യാൻസറുകൾക്ക് സ്ക്രീനിങ് പരിശോധനകൾക്ക് നിർദ്ദേശമില്ല. എന്നാൽ വർഷത്തിലൊരിക്കൽ വയറിൻറെ അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്നത് അണ്ഡാശ ഗർഭാശയ ക്യാൻസറുകൾ കൂടാതെ വൃക്ക, കരൾ, മൂത്രാശയം എന്നിവയിൽ വരുന്ന മുഴകൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കും. ആമാശയ, കുടൽ ക്യാന്സറുകൾ  അൾട്രാ സൗണ്ട് വഴി കണ്ടുപിടിക്കുക എളുപ്പമല്ല. കാരണവും പ്രതിരോധവും  ഒരു സ്തനാർബുദ രോഗി ചോദിച്ച ചോദ്യമാണ് എനിക്ക് ഓർമ്മ വരുന്നത്. “ഞാൻ മീൻ പോലും വീട്ടിൽ വളർത്തുന്നത്  മാത്രമേ കഴിക്കാറുള്ളൂ എനിക്ക് എങ്ങനെ ഈ രോഗം ഉണ്ടായി?” ഞാൻ അപ്പോൾ ഒരു  മറുചോദ്യം ഉന്നയിച്ചു: “ഈ വളർത്തു മീന് തീറ്റ എന്താണ് കൊടുക്കുന്നത്?” “അത് വാങ്ങുന്ന തീറ്റ തന്നെയാണ്” പിന്നെ സ്വന്തമായി വളർത്തുന്നതും മറ്റുള്ളവർ വളർത്തുന്നതും  തമ്മിൽ എന്ത്‌ വ്യത്യാസം വരു? ക്യാൻസർ നിർണയിച്ചാൽ എല്ലാവരും ചോദിക്കുന്ന ചോദ്യമാണ് എനിക്ക് എങ്ങനെ ഉണ്ടായി എന്നത്? ഒരു ജനിതക വ്യത്യാസം വന്നിട്ടാണ് എല്ലാ ക്യാൻസറുകളും ഉണ്ടാകുന്നത്. ഈ ജനറ്റിക് ചേഞ്ച് എങ്ങനെ ഉണ്ടാകുന്നു എന്ന് പറയാൻ ബുദ്ധിമുട്ടാണ്. ഗർഭാശയ ക്യാൻസറിന് വൈറസ് അണുബാധ കൊണ്ടാണ് ജീൻ വ്യതിയാനം ഉണ്ടാകുന്നത്. എന്നാൽ സ്തനാർബുദവും അണ്ഡാശയ കാൻസറും എങ്ങനെ ഉണ്ടാകുന്നുവെന്ന് വ്യക്തമല്ല. 10% ജനിതക വ്യതിയാനം പാരമ്പര്യമായി കിട്ടുന്നതാണ്. സ്തനാർബുദത്തിന്റെ ഈ വർദ്ധന കാണുമ്പോൾ  കീടനാശിനിയോ ഹോർമോൺ കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങളോ ഇതിന് കാരണമാവാം എന്ന് തോന്നും. അമിതവണ്ണം, നിയന്ത്രണാതീതമായ പ്രമേഹം എന്നിവ ക്യാൻസർ സാധ്യത  പല മടങ്ങ് വർദ്ധിപ്പിക്കും. വ്യായാമ കുറവ് കൂടി ആകുമ്പോഴേക്കും ഇവ സ്ത്രീ ഹോർമോണുകൾ ശരീരത്തിൽ വർദ്ധിപ്പിക്കുന്നു. ഭക്ഷണക്രമവുമായി ഇതിനു നല്ല  ബന്ധമുണ്ട്. മദ്യപാനവും  പുകയില ഉപയോഗവും ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. അങ്ങനെ ക്യാൻസറിനെയും ഒരു ജീവിതശൈലി രോഗമായിട്ടാണ് ഇപ്പോൾ കണക്കാക്കുന്നത്. പ്രതിരോധം  വ്യായാമവും ജീവിത ശൈലിയിലെ മാറ്റവും വഴി ഒരു പരിധിവരെ ക്യാൻസർ സാധ്യത ഒഴിവാക്കാം. എച്ച് പി വി വാക്സിൻ വഴി അണുബാധയെ  പ്രതിരോധിച്ച് ക്യാൻസർ വരുന്നതിന് തടയാം.  ജനിതക വ്യതിയാനം സ്ഥിരീകരിച്ചാൽ  ബ്രസ്റ്റ് മാറ്റി റീകൺസ്ട്രക്ഷൻ ചെയ്ത് ബ്രസ്റ്റ് കാൻസർ തടയാൻ സാധിക്കും. ഇത് ചെയ്യാൻ തയ്യാറല്ലെങ്കിൽ എല്ലാവർഷവും എംആർ മാമ്മോഗ്രാം ചെയ്താൽ മുൻകൂട്ടി കാൻസർ നിർണയം സാധ്യമാകും.  കോൺട്രാസ്റ്റ് മാമോഗ്രാഫിയും നല്ലതാണ്, നൂതനമാണ്. റേഡിയേഷൻ ഡോസ് കുറച്ചു കൂടും.  ഒവേറിയൻ കാൻസറിനെ എങ്ങനെ തടയാം? കുട്ടികൾ ഉണ്ടായിക്കഴിഞ്ഞു 35-40 വയസ്സ് ആകുമ്പോഴേക്കും രണ്ട് ഓവറികളും നീക്കം ചെയ്ത് ഒവേറിയൻ കാൻസറിനെ ഫലപ്രദമായി തടയാം. ഒവേറിയൻ ക്യാൻസർ രോഗം മൂർച്ഛിച്ച ശേഷമേ 80% സ്ത്രീകളിലും കണ്ടുപിടിക്കാൻ പറ്റുകയുള്ളൂ. ഡിറ്റക്ഷന് വേണ്ട ലക്ഷണങ്ങളോ ഫലപ്രദമായ ടെസ്റ്റുകളോ ഇല്ല. സൈലൻറ് കില്ലർ എന്നറിയപ്പെടുന്ന ഈ ക്യാൻസർ ജീവനെയും ജീവിതത്തെയും അപഹരിച്ച അവസാന നാളുകൾ ദുസ്സഹമാക്കുന്നു. മുൻകൂട്ടി നിർണയിച്ചാൽ ഒരുവിധം എല്ലാ കാൻസറുകളും പൂർണമായി  ചികിത്സിച്ചു മാറ്റാൻ സാധ്യമാണെന്ന് ഓർക്കുക. (ലേഖിക ഡോ. ചിത്രതാര എറണാകുളം വിപിഎസ് ലേക് ഷോർ ഹോസ്പിറ്റലിലെ സർജിക്കൽ ആൻഡ് ഗൈനക് ഓൺകോളജി വിഭാഗം മേധാവിയാണ്.) ‘ഓരോ അഞ്ച് നിമിഷത്തിലും ഇന്ത്യയിൽ എച്ച്പിവി സംബന്ധമായ ക്യാൻസർ ബാധിച്ച് ഒരു ജീവൻ പൊലിയുന്നു’  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button