BusinessCrimeKeralaSpot light

ഇത് ഞെട്ടിക്കും വൻ തട്ടിപ്പ്, ഉപയോഗിച്ചത് എസ്ബിഐ കാർഡ്‌സിന്റെ വ്യാജ വെബ്സൈറ്റ്

സാമ്പത്തിക തട്ടിപ്പുകാര്‍ പല രൂപത്തിലാണ് സാധാരണക്കാരെ ഇരകളാക്കിക്കൊണ്ടിരിക്കുന്നത്. ഏതാണ് ഒറിജിനല്‍, ഏതാണ് വ്യാജന്‍ എന്ന് തിരിച്ചറിയാനാകാത്ത അവസ്ഥ. ഏറ്റവുമൊടുവിലായി എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന്‍റെ വിവരം പങ്കുവച്ചിരിക്കുകയാണ് ഒരു വ്യക്തി സോഷ്യല്‍ മീഡിയയില്‍. എസ്ബിഐ കാര്‍ഡ്സിന്‍റെ വ്യാജ വെബ്സൈറ്റുപയോഗിച്ചായിരുന്നു തട്ടിപ്പ്. തന്‍റെ പിതാവിന് തട്ടിപ്പുകാര്‍ വാട്സാപ്പ് വഴി ആദ്യം ഒരു ലിങ്കാണ് അയച്ചതെന്ന് പോസ്റ്റില്‍ പറയുന്നു. ‘എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഇ-കെവൈസി അപ്ഡേറ്റ്’ എന്നതായിരുന്നു ലിങ്ക്. ലിങ്കില്‍ കയറി സൂക്ഷ്മമായി പരിശോധിച്ചപ്പോഴാണ് വലിയ തട്ടിപ്പാണിതെന്ന് മനസിലായതെന്നും പോസ്റ്റില്‍ പറയുന്നു. എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിന് (https://www.sbicard.com) പകരം, ലിങ്ക് മറ്റൊരു സൈറ്റായ https://www.sbicardonlin78.wixsite.com/my-site എന്ന വെബ്സൈറ്റിലേക്കാണ് നയിച്ചത്. സൗജന്യ വെബ്സൈറ്റ് നിര്‍മ്മാണ പ്ലാറ്റ്ഫോമായ വിക്സില്‍ ആണ് ഇത് ഹോസ്റ്റ് ചെയ്തിരുന്നത്. ക്രെഡിറ്റ് കാര്‍ഡ് ലിമിറ്റ് വര്‍ധിപ്പിക്കാമെന്നും വാര്‍ഷിക ഫീസ് ഒഴിവാക്കി തരാമെന്നും പറഞ്ഞ തട്ടിപ്പുകാര്‍ തങ്ങളുടെ വ്യാജ ഐഡന്‍റിറ്റി കാര്‍ഡും അയച്ചുകൊടുത്തു. ഉപയോക്താവ് ലിങ്കില്‍ ക്ലിക്കുചെയ്യുമ്പോള്‍, അവരുടെ പേര്, മൊബൈല്‍ നമ്പര്‍, ജനനത്തീയതി എന്നിവയുള്‍പ്പെടെയുള്ള വ്യക്തിഗത വിവരങ്ങള്‍ ചോദിക്കുന്ന ഒരു വെബ്പേജില്‍ ആണ് എത്തിയത്. അടുത്ത പേജ് കാര്‍ഡ് നമ്പര്‍, കാലാവധി തീയതി, സിവിവി തുടങ്ങിയ അവരുടെ ക്രെഡിറ്റ് കാര്‍ഡ് വിശദാംശങ്ങള്‍ ആവശ്യപ്പെടുന്നു. വിശദാംശങ്ങള്‍ സമര്‍പ്പിച്ച ശേഷം, ലോഗിന്‍ ചെയ്യാന്‍ ഒടിപി ആവശ്യപ്പെടുന്ന ഒരു പേജിലേക്ക് ഉപയോക്താവിനെ എത്തിക്കും.  ഇത് വ്യാജമാണെന്ന് മനസിലായത് ഈ വെബ്സൈറ്റില്‍ മുഴുവന്‍ അക്ഷരത്തെറ്റായിരുന്നു എന്നതിലൂടെയാണ്. എക്സപയറി എന്നതിന് പകരം എക്സ്പാരി എന്നാണ് വെബ്സൈറ്റില്‍ എഴുതിയിരുന്നത്. എന്‍റര്‍ ഒടിപി എന്ന് എഴുതിയതിലും അക്ഷരത്തെറ്റുണ്ടായിരുന്നു. ഇതോടെ പിതാവിനോട് ഇക്കാര്യം പറഞ്ഞ് തട്ടിപ്പില്‍ നിന്ന് രക്ഷനേടുകയായിരുന്നുവെന്നും യുവാവ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകള്‍ ഇന്ത്യയില്‍ വ്യാപകമായിട്ടുണ്ട്. തട്ടിപ്പുകളെ ചെറുക്കുന്നതിനായി, റിസര്‍വ് ബാങ്ക്  മറ്റ് നിരവധി ബാങ്കുകളോടൊപ്പം ഉപഭോക്താക്കളോട് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button